സുൽത്താൻ ബത്തേരി: മൈസൂരിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പച്ചക്കറി വാഹനത്തിൽ രേഖകളില്ലാതെ കടത്തികൊണ്ടു വരികയായിരുന്ന 28 ലക്ഷം രൂപ മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വെച്ച് എക്‌സൈസ് അധികൃതരും എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായി.
വ്യാഴാഴ്ച വൈകീട്ട് വാഹന പരിശോധനയ്ക്കിടെയാണ് രേഖകളില്ലാത്ത പണം പിടികൂടിയത്. പരപ്പനങ്ങാടി പറമ്പിൽ പീടിക സ്വദേശികളായ പുതിയപറമ്പിൽ കെ.സി.നൗഫൽ (34), കാവുങ്കൽ യൂനസ്(37) എന്നിവരാണ് പിടിയിലായത്. സവാള കയറ്റിവന്ന പിക്കപ്പ് വാനിൽ കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകൾ. രണ്ടായിരത്തിന്റെ 14 കെട്ടുകളായിരുന്നു.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് മുത്തങ്ങയിൽ വെച്ച് രേഖകളില്ലാത്ത പണം പിടികൂടുന്നത്. പണം പിടികൂടിയതെല്ലാം പച്ചക്കറി വാഹനത്തിൽ നിന്നാണ്. കഴിഞ്ഞ പതിമൂന്നാം തീയ്യതി അമ്പത്തിയൊന്നര ലക്ഷം രൂപയും പതിനെട്ടാം തീയ്യതി തൊണ്ണൂറ്റി രണ്ടര ലക്ഷം രൂപയും മുത്തങ്ങയിൽ വെച്ച് പിടികൂടിയി​രുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തി​ൽ അതിർത്തിവഴി പച്ചക്കറികളും പലവ്യഞ്ജന സാധനങ്ങളുമായി​ വരുന്ന വാഹനങ്ങളാണ് എസൻഷ്യൽ സർവ്വീസ് എന്നപേരിൽ കൂടുതലും എത്തുന്നത്. പച്ചക്കറി വാഹനങ്ങളിൽ കാര്യമായ പരിശോധന നടത്താറില്ലായിരുന്നു. ഇത് മുതലാക്കിയാണ് കുഴൽപ്പണ വേട്ട സംഘം പച്ചക്കറി വാഹനങ്ങളിൽ രേഖകളില്ലാത്ത പണം കടത്താൻ തുടങ്ങിയത്.
എക്‌സൈസ് ഇൻസ്‌പെക്ടർ പി.ബാബുരാജ്, എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ എം.കെ.സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ കെ.കെ.ബാബു, ഇ.പി.ശിവൻ, പി.എസ്.സുനീഷ്, കെ.രമേശ്, കെ.ജെ.ശിവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ളസംഘമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. പണവുംപിടിയിലായവരെയും ബത്തേരി പൊലീസിന് കൈമാറി.

ഫോട്ടോ
രേഖകളില്ലാത്ത പണവുമായി പിടിയിലായ നൗഫൽ, യൂനസ്