സുൽത്താൻ ബത്തേരി : പുള്ളിമാനിനെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ സംഘത്തിലെ മൂന്ന് പേരെ കുറിച്ച്യാട് റെയിഞ്ച് ഓഫീസർ രതിശനും സംഘവും പിടികൂടി. ചെതലയം കൊമ്പൻമൂല കോളനിയിലെ ഗംഗൻ (40), ശശികുമാർ (35), ചെതലയം മേടയിൽ അബ്ദുൾ അസീസ് (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കേസിൽ മൂന്ന് പേർകൂടി പിടിയിലാകാനുണ്ട്.

കഴിഞ്ഞ ദിവസം ചെതലയം കെമ്പൻമൂല വനമേഖലയിലെ വയലിൽ കെണിവെച്ച് പുള്ളിമാനിനെ പിടികൂടി മാംസം വിൽപ്പന നടത്തിയ സംഭവത്തിലാണ് മൂന്ന് പേരും പിടിയിലായത്.
വേട്ട സംഘത്തെപ്പറ്റി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിലെ ആദ്യ രണ്ട് പ്രതികളായ ഗംഗനും ശശികുമാറും പിടികിട്ടാനുള്ള മൂന്ന് പേരിൽ രണ്ട് പേരും ചേർന്നാണ് മാനിനെ കെണിവെച്ച് പിടികൂടി ഇറച്ചി ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരുന്നത്. ഗംഗന്റെ വീട്ടിൽ നിന്ന് വേവിച്ച ഇറച്ചിയും കണ്ടെത്തി. ഇയാളെ ചേദ്യം ചെയ്തതിൽനിന്നാണ് ഇറച്ചി വാങ്ങിയവരെപ്പറ്റിയുള്ള വിവരം ലഭിച്ചത്.

2018-ൽ വനം വകുപ്പിന്റെ കേസിലെ പ്രതിയാണ് മാനിറച്ചി വാങ്ങിയതിന് അറസ്റ്റു ചെയ്യപ്പെട്ട അബ്ദുൾ അസീസ്.
ഡെപ്യുട്ടി റെയിഞ്ചർ ഇ.ബൈജുനാഥ്, സെക്ഷൻ ഫോറസ്റ്റർമാരായ എം.കെ.ശശി, കെ.കെ.ബൈജു, ബീറ്റ് ഫോറസ്റ്റർമാരായ കെ.ആർ.മണികണ്ഠൻ, നിഥിൻദാസ്, അനീഷ്‌ശേഖർ, ആദർശ്, വിവേക് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഫോട്ടോ
194501-മാനിറച്ചി കേസുമായി ബന്ധപ്പെട്ട് പിടിയിലായ അബ്ദുൾ അസീസ്, ഗംഗൻ, ശശികുമാർ