കോഴിക്കോട്:കുടുംബശ്രീ ഉത്പ്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന 'നഗരശ്രീ' പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ.വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ സംരംഭക യൂണിറ്റുകൾ തയ്യാറാക്കുന്ന കറി പൊടികൾ, വെളിച്ചെണ്ണ, സോപ്പ് പൊടി, സോപ്പ് ഉൾപ്പെടെ 43 ഓളം സാധനങ്ങളാണ് നഗരശ്രീ പദ്ധതിയിലൂടെ വിൽപ്പന നടത്തുന്നത്.
കോർപ്പറേഷനിലെ നോർത്ത് സി.ഡി.എസിന് കീഴിൽ വരുന്ന 15 വാർഡുകളിൽ പദ്ധതി നിലവിൽ വന്നു കഴിഞ്ഞു. 15 വാർഡുകളിലെ 135 അയൽക്കൂട്ടങ്ങളിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അയൽക്കൂട്ടങ്ങൾ നേരിട്ട് ജില്ലാ മിഷൻ ഹോംഷോപ്പ് പദ്ധതിയിലൂടെ ശേഖരിക്കുന്ന സാധനങ്ങളാണ് വീടുകളിലെത്തുക. അയൽക്കൂട്ടം 5000 രൂപയുടെ ഒരു യൂണിറ്റ് എന്ന നിലയിൽ സാധനസാമഗ്രികൾ ഇറക്കി അംഗങ്ങൾക്ക് തന്നെ വിതരണം ചെയ്യുകയാണ്. 5000 രൂപയുടെ സാധനങ്ങൾ വിൽക്കുമ്പോൾ 1200 രൂപ ലാഭം ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.
നഗരശ്രീ പദ്ധതിയിൽ ചേരുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് വരുമാനവും കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണനവുമാണ് പദ്ധതിയുടെ ലക്ഷ്യം.ഓരോ കുടുംബശ്രീ അയൽക്കൂട്ടത്തിനും എത്ര സാധനങ്ങളും വാങ്ങി വിൽപ്പന നടത്താം. സാധനങ്ങൾ അയൽക്കൂട്ടത്തിലൂടെയോ അയൽക്കൂട്ട അംഗങ്ങളല്ലാത്തവർക്കും വിൽപ്പന നടത്താവുന്നതാണ്. ഇതിനായി അയൽക്കൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ടിൽ നിന്ന് എത്ര തുക വേണമെങ്കിലും വിനിയോഗിക്കാം.135 അയൽക്കൂട്ടങ്ങൾ 6,70,000 രൂപയുടെ സാധനങ്ങളാണ് കഴിഞ്ഞ ദിവസം വിറ്റഴിച്ചത്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സാധനം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷണൻ നിർവഹിച്ചു.