കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിശ്ചയിക്കുന്നതിന് ജാഗ്രതാ പോർട്ടലിൽ സംവിധാനമായി.കണ്ടെയ്ൻമെന്റ് സോണുകൾ ശാസ്ത്രീയമായി അടയാളപ്പെടുത്തുന്നതിനും പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടും. ജാഗ്രത പോർട്ടലിൽ പുതുതായി ഏർപ്പെടുത്തിയ സംവിധാനം വീഡിയോ കോൺഫറൻസ് വഴി ജില്ലാ കളക്ടർ എസ്.സാംബശിവ റാവു തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും പരിചയപ്പെടുത്തി.
നിലവിൽ ദുരന്ത നിവാരണ വിഭാഗവും ആരോഗ്യ വിഭാഗവും പൊലീസും ഉൾക്കൊള്ളുന്ന ജില്ലാതല സമിതി അവലോകനം ചെയ്താണ് രോഗം സ്ഥിരീകരിക്കുന്ന മേഖലകൾ ഉൾപ്പെടുത്തി കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നത്. പുതിയ സംവിധാനത്തിൽ വാർഡ് തലത്തിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന ആർ.ആർ.ടികൾക്ക് കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്ന കാര്യത്തിൽ പങ്കാളിത്തം കൈവരും. പ്രദേശത്തെ ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും ഉൾക്കൊള്ളുന്നതാണ് ആർ.ആർ.ടികൾ. വീഡിയോ കോൺഫറൻസിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, എൽ.ആർ ഡെപ്യൂട്ടി കളക്ടർ സി.ബിജു, അഡീഷണൽ ഡി.എം.ഒ ഡോ. ആശാ ദേവി എന്നിവർ പങ്കെടുത്തു.
ആർ.ആർ.ടിമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം
പ്രതിരോധ പ്രവർത്തനങ്ങളിൽ ആർ.ആർ.ടിമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. രോഗികളുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നതിനും അവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നതിനും ആർ.ആർ.ടികൾ ഇടപെടണം.
ഓരോ പ്രദേശത്തെയും കൊവിഡ് പോസിറ്റീവ് കേസുകൾ ആർ.ആർ.ടികൾക്ക് കൊവിഡ് ജാഗ്രത പോർട്ടലിൽ അതത് സമയങ്ങളിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. രോഗികളുടെ പ്രാഥമിക സമ്പർക്കത്തിൽപെട്ടവരെ കണ്ടെത്തി അവരുടെ പേരുവിവരങ്ങളും പോർട്ടലിൽ ചേർക്കും. രോഗികളുടെയും സമ്പർക്ക പട്ടികയിൽ ഉൾപെടുന്നവരുടെയും സ്ഥലങ്ങൾ അടയാളപ്പെടുത്തി മാപ്പ് തയ്യാറാക്കാൻ പോർട്ടലിൽ സൗകര്യമുണ്ട്. ഇങ്ങനെ തയ്യാറാക്കുന്ന മാപ്പ് അതത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ സമർപ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. രോഗം ഭേദമാവുന്നവരുടെ പേരുകൾ പോർട്ടലിൽ നിന്ന് നീക്കം ചെയ്യുന്നതിനനുസരിച്ച് കണ്ടെയ്ൻമെന്റ് സോൺ ഇളവ് അനുവദിക്കുന്നതിനും സാധിക്കും.
പ്രായമായവരെ നിരീക്ഷിക്കാനും സൗകര്യം
പ്രായമായവരെയും മറ്റ് രോഗമുള്ളവരെയും നിരീക്ഷിക്കുന്നതിന് ജാഗ്രത പോർട്ടലിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ശരീരത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കുന്നതിനായി പ്ലസ് ഓക്‌സി മീറ്റർ വാങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. ജില്ലാ തലത്തിൽ ടെലി മെഡിസിൻ സൗകര്യവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ള ഘട്ടങ്ങളിൽ അടിയന്തര ചികിത്സ ലഭ്യമാക്കാനും നടപടിയുണ്ടാവും.