വടകര: അഴിയൂരിൽ ഓണകാലത്ത് കച്ചവട സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കണ്ടെയ്ൻമെന്റ് സോണിലെ 18,14 വാർഡുകളിൽ 8 മുതൽ 2 മണി വരെ അവശ്യ സർവീസുകളായ കടകൾക്ക് മാത്രം പ്രവർത്തിക്കാം. മറ്റ് പ്രദേശങ്ങളിൽ എല്ലാ കടകൾക്കും രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും കോവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം. സന്ദർശന രജിസ്റ്റർ സൂക്ഷിക്കണം. 65 വയസ് കഴിഞ്ഞവർക്കും 10 വയസിന് താഴെയുള്ളവർക്കും വിൽപ്പന നടത്താൻ പാടില്ല. തിരക്ക് ഒഴിവാക്കാൻ സാധനങ്ങളുടെ ലിസ്റ്റ് മുൻകൂട്ടി ശേഖരിച്ച് സാധനങ്ങൾ നൽകണം.
25ന് വൈകീട്ട് 5 മണിക്ക് സ്ഥാപന ഉടമകൾ കൊവിഡ് പ്രതിരോധ പ്രതിജ്ഞ എടുക്കണം. സമ്പർക്ക സാദ്ധ്യത കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ഉണ്ടാകില്ല എന്ന പ്രതിജ്ഞയാണ് എടുക്കേണ്ടത്. പൊലീസും കൊവിഡ് ഡ്യൂട്ടിക്ക് നിയമിച്ച അദ്ധ്യാപകരും ചേർന്ന് സംയുക്ത സ്ക്വാഡ് പ്രവർത്തിക്കും. എല്ലാ പ്രദേശങ്ങളിലും പൊലീസ് പട്രോളിംഗ് ഉണ്ടാകും. പഞ്ചായത്ത്, ചോമ്പാല പൊലീസ്, പഞ്ചായത്തിലെ വിവിധ വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനങ്ങൾ. പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ചോമ്പാല എസ്.ഐ എം. അബ്ദുൾ സലാം, വ്യാപാരി പ്രതിനിധികളായ കെ.എ സുരേന്ദ്രൻ, അരുൺ ആരതി, സാലിം പുനത്തിൽ, ബാബു ഹരിപ്രസാദ്, കെ.കെ ശ്രീജിത്ത്, സി.കെ രാഗേഷ്, അദ്ധ്യാപകന്മാരായ രാഹുൽ ശിവ, കെ.പി പ്രജിത്ത് കുമാർ, കെ. സജേഷ് കുമാർ, ആർ.പി റിയാസ്, കെ. ദീപ് രാജ്, സി.കെ സാജിത്ത് എന്നിവർ സംസാരിച്ചു.