സിലബസിൽ വരുന്ന പാഠ്യവിഷയങ്ങൾ സമർത്ഥമായി ഓതിക്കൊടുക്കുന്നതിൽ ഒതുങ്ങുമോ ഒരു അദ്ധ്യാപകന്റെ ദൗത്യം ? പരീക്ഷയെഴുതാൻ പഠിപ്പിക്കുന്നത് മാത്രമല്ല അദ്ധ്യാപകന്റെ വിജയം എന്ന പക്ഷക്കാരനാണ് എൻ.എസ്.എസ് കോ ഓർഡിനേറ്റർ കൂടിയായ എസ്.ശ്രീചിത്ത്. സിലബസിന് പുറത്ത്, ചുറ്റുപാടുകളെ അറിയാനും സമൂഹത്തോടു ചേർന്നുനിൽക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുമ്പോഴാണ് അദ്ധ്യാപകന്റെ പങ്ക് സാർത്ഥകമാവുന്നതെന്ന് ഉറച്ചുവിശ്വസിക്കുന്നു ഇദ്ദേഹം. സാമൂഹികാവബോധം കുട്ടികളിൽ വേര് പിടിക്കുമ്പോഴാണ് അവർ യഥാർത്ഥത്തിൽ നാളെയുടെ പൗരന്മാരാവുന്നതെന്ന് ശ്രീചിത്ത് പറയുന്നു. വീടിനു പുറത്ത്, സ്കൂളിന്റെ അതിർത്തിക്കുമപ്പുറത്ത് വലിയൊരു ലോകമുണ്ടെന്നും ജീവിതമെന്തെന്നും വിദ്യാർത്ഥികൾക്ക് ധാരണ കൈവന്നാൽ പിന്നെ ഏതു വെല്ലുവിളിയെയും നേരിടാനാവും അവർക്ക്. വെറും പരീക്ഷകളല്ല, സ്വയം തിരിച്ചറിയാൻ കൂടി ഉതകുന്ന ജീവിതപരീക്ഷണങ്ങളാണ് പ്രധാനമെന്ന് ചുരുക്കം. സ്വന്തം ജീവിതത്തിൽ നാഷണൽ സർവിസ് സ്കീം (എൻ.എസ്.എസ്) ബന്ധം തന്നെയാണ് അദ്ധ്യാപകനെന്ന നിലയിൽ വലിയ വഴിത്തിരിവായതെന്ന് ശ്രീചിത്ത് അടിവരയിടുന്നു. ഇന്നിപ്പോൾ ഏറ്റവും വലിയ സമ്പാദ്യമായി കാണുന്നത് വർഷങ്ങളിലൂടെ കൈവന്ന ശിഷ്യസമ്പത്താണെന്നും സാക്ഷ്യപ്പെടുത്തുകയാണ് പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ സാമ്പത്തികശാസ്ത്രം അദ്ധ്യാപകനായ ഇദ്ദേഹം.
@ ആദ്യവിദ്യാലയത്തിൽ തുടക്കം
പനങ്ങാട് നോർത്തിലെ 'ശുഭശ്രീ"യിൽ ചന്ദ്രശേഖരൻ നായരുടെയും സൗദാമിനി അമ്മയുടെയും രണ്ടു മക്കളിൽ ഇളയവനാണ് ശ്രീചിത്ത്. പ്രാഥമിക വിദ്യാഭ്യാസം പനങ്ങാട് നോർത്ത് എ. യു .പി സ്കൂളിൽ. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം. ബിരുദാനന്തര ബിരുദമെടുത്തത് കോഴിക്കോട് എസ്.എൻ കോളേജിൽ നിന്ന്. തുടർന്ന് ബി .എഡ് ചെയ്തത് ഫാറൂഖ് കോളേജിലായിരുന്നു. ബാലുശ്ശേരി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 8, 9 ,10 ക്ലാസുകളിൽ താത്കാലിക അദ്ധ്യാപകനായി തുടക്കം. 2001 ൽ പനങ്ങാട് എ .യു .പി. സ്കൂളിൽ സ്ഥിരാദ്ധ്യാപകനായി. പിന്നീടാണ് പാലോറ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി അദ്ധ്യാപകനാവുന്നത്.
@ എൻ.എസ്.എസ് ലേക്ക് യാദൃച്ഛികമായി
പാലോറ സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ചുമതലയിലേക്ക് പ്രിൻസിപ്പലിന്റെ നിർബന്ധത്താൽ എത്തുകയായിരുന്നു. എന്നാൽ, തുടക്കത്തിലുണ്ടായിരുന്ന സംശയവും ആശങ്കയുമെല്ലാം വൈകാതെ മാറി. പ്രോഗ്രാം കോ ഓർഡിനേറ്റർ എന്ന നിലയിൽ ആദ്യം ഏറ്റെടുത്ത പ്രോജക്ട് 'ഹരിതകാന്തി"യ്ക്ക് തകർപ്പൻ പ്രതികരണമായിരുന്നു. കുട്ടികളെ ഒന്നിച്ച് ചേർത്ത് പത്തു സെൻറ് സ്ഥലത്ത് നെൽകൃഷിയിൽ പൊന്നു വിളയിച്ചു. കൃഷിയിലേക്ക് കടന്നുവരാൻ മടിക്കുന്ന പുതുതലമുറയ്ക്കുള്ള വലിയ സന്ദേശമുണ്ടായിരുന്നു ആ യജ്ഞത്തിൽ. പാടം കിളച്ചൊരുക്കൽ, ഞാറുശേഖരണം തുടങ്ങിയ ജോലികളെല്ലാം കുട്ടികൾ തന്നെ ചെയ്തു. പിന്നീട് ചെറിയ തോതിൽ പൂർത്തിയാക്കിയ ഡോക്യുമെന്ററിയും ശ്രദ്ധേയമായി. സമൂഹത്തിൽ എൻ. എസ്.എസിന് പലതും ചെയ്യാനാവുമെന്ന് ബോദ്ധ്യപ്പെട്ടു. അതോടെ കൂടുതൽ പ്രോജക്ടുകളിലേക്ക് കടന്നു. വിച്ചേരിയിൽ നാലേക്കർ സ്ഥലത്ത് 'ആരണ്യകം" പദ്ധതിയിലൂടെ സാമൂഹ്യ വനവത്കരണം ഏറ്റെടുത്തു. ഉള്ള്യേരി പഞ്ചായത്തിലെ മാതാ തോട് ശുചീകരിച്ചു . ഇതിനിടയിലാണ് 2008 ൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച എൻ.എസ്.എസ് പോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിക്കുന്നത്.
തൊട്ടടുത്ത വർഷം സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച എൻ.എസ് എസ് പോഗ്രാം ഓഫീസർ അവാർഡും തേടിയെത്തി. ഒപ്പം ശ്രീചിത്തിന് കീഴിൽ പരിശീലനം ലഭിച്ച രണ്ട് വിദ്യാർത്ഥിനികൾക്ക് മികച്ച എൻ.എസ്.എസ് വളണ്ടിയർ അവാർഡിനും അർഹയായി. കൂടാതെ 8 കുട്ടികൾ നാഷണൽ ഇന്റഗ്രഷൻ ക്യാമ്പിലേക്കും സെലക്റ്റായി.
@ ജില്ലാ കോ ഓർഡിനേറ്ററിലേക്ക്
തുടർച്ചയായി സ്കൂളിൽ എൻ.എസ്.എസ് കോ ഓർഡിനേറ്റർ ചുമതലയിലുള്ളവർ സ്ഥാനം ഒഴിയണന്നെ സർക്കാർ നിർദ്ദേശം വന്നതോടെ ഒരു ഇടവേളയായി. ജില്ലാ കോ ഓർഡിനേറ്റർ വേണമെന്ന ആശയം ഉരുത്തിരിയുന്നത് അതിനിടയിലാണ്. പുതിയ നീക്കത്തിന് മുന്നോടിയായി ജില്ലയിൽലെ 139 എൻ.എസ്.എസ് യൂണിറ്റുകളെ ക്ലസ്റ്ററുകളാക്കി തിരിച്ചു. ഇതിൽ കൊയിലാണ്ടി ക്ലസ്റ്റർ കോ ഓർഡിനേറ്ററായി ശ്രീചിത്തിന് നിയമനമായി. വൈകാതെ 2015-ൽ ജില്ലാ കോ ഓർഡിനേറ്റർ സ്ഥാനത്തെത്തി. കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപൊലിനെ തുടർന്ന് കരിഞ്ചോലയിൽ വീട് നഷ്ടപ്പെട്ടവർക്ക് കുട്ടികളുടെ നേതൃത്വത്തിൽ വീട് പണിത് നൽകുകയെന്ന ആശയവുമായി മുന്നിട്ടിറങ്ങിയത് പ്രവർത്തനപന്ഥാവിൽ നാഴികക്കല്ലായി. സ്വന്തമായി സ്വരൂപിച്ചുവെച്ചതും മാതാപിതാക്കളിൽ നിന്നു കിട്ടിയതുമെല്ലാമായി ഏതാണ്ട് 16 ലക്ഷം രൂപയാണ് ജില്ലയിലെ എൻ.എസ്.എസ് വളണ്ടിയർമാർ സമാഹരിച്ചത്. പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് വീടുപണിയിലും കുട്ടികൾ പങ്കാളികളായി. അങ്ങനെ രണ്ടു സ്നേഹവീടുകൾ ഉയർന്നു. മൂന്നാമത്തെ വീടുപണിയിലേക്ക് കടന്നതിനിടെയാണ് കൊവിഡിന്റെ വരവ്. അതോടെ പ്രവൃത്തി തത്കാലത്തേക്ക് മുടങ്ങി.
സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിലും എൻ.എസ്.എസ് കർമ്മസേന സജീവമാണ്. ലഹരിവിരുദ്ധ സന്ദേശവുമായി 2020 ജനുവരി 25 മുതൽ ഫെബ്രുവരി 2 വരെ സൈക്കിൾ ചാലഞ്ച് സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ 50 യൂണിറ്റുകളിൽ സൈക്കിൾ ബ്രിഗേഡുകളുണ്ട്. പൊതുജലാശയങ്ങൾ സംരക്ഷിക്കാനായുള്ള യജ്ഞത്തിന് തുടക്കം കുറിച്ചത് 2009 -ലാണ്. നാടുനീങ്ങുന്ന മട്ടിലായ നാട്ടുകുളങ്ങൾ ഉൾപ്പെടെ 52 ജലാശയങ്ങളാണ് ശുചീകരിച്ചത് .
@ കൊവിഡ് കാലത്തും നമ്പർ വൺ
ജനജീവിതം മരവിപ്പിക്കുന്ന തരത്തിൽ കൊവിഡ് മഹാമാരി പടർന്നപ്പോഴും ശ്രീചിത്ത് മാഷും കുട്ടിക്കൂട്ടവും വെറുതെയിരിക്കുകയായിരുന്നില്ല. കനിവിന്റെ കൈത്തിരി തെളിച്ച് അവർ എത്താവുന്നിടത്തൊക്കെ എത്തി. രക്തബാങ്കുകളിലെ രക്തദാന യജ്ഞത്തിന് ആരോഗ്യവകുപ്പിന്റെ വലിയ അഭിനന്ദനമായിരുന്നു. എൻ.എസ്.എസ് വോളന്റിയർമാരും രക്ഷിതാക്കളും ബന്ധുക്കളും മറ്റുമായി 430 പേരാണ് വിവിധ രക്തബാങ്കുളിൽ രക്തദാനം നടത്തിയത്.അദ്ധ്യയനം ഓൺലൈനിലേക്ക് മാറിയപ്പോൾ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് കൈത്താങ്ങുമായി. എഡ്യുഹെല്പ് പദ്ധതിയിലൂടെ നിർധന വിദ്യാർത്ഥികളുടെ വീടുകളിൽ സ്മാർട്ട് ഫോൺ, ടി.വി, ലാപ്ടോപ്പ് തുടങ്ങിയവ എത്തിച്ചു. ഈ പദ്ധതിയിൽ ജില്ലയിലെ 139 എൻ. എസ്.എസ് യൂണിറ്റുകളിലെ 13,900 വളണ്ടിയർമാർ വിഭവസമാഹരണത്തിനിറങ്ങിയിരുന്നു. ഇതിനകം എത്തിച്ചത് 230 ഉപകരണങ്ങൾ. മാസ്ക് ചാലഞ്ചിലൂടെ ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ 1,32,000 കോട്ടൺ മാസ്കുകൾ നിർമ്മിച്ചുനൽകി. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് 6,100 ബെഡ് ഷീറ്റും 1500 തലയിണ കവറുകളും തോർത്തുമുണ്ടും എത്തിച്ചു.കൊവിഡ് പ്രതിരോധരംഗത്ത് രാപ്പകൽ ഭേദമന്യേ കർമ്മനിരതരായ ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ തുടങ്ങിയവരെയും കമ്മ്യൂണിറ്റി കിച്ചണുകളിലെ സന്നദ്ധപ്രവർത്തകരെയും ആദരിക്കാനും ഇവർ മറന്നില്ല. എസ്.എസ്.എൽ.സി കഴിഞ്ഞവരിൽ ഓൺലൈൻ രജിസ്ട്രേഷന് വിഷമിച്ചവർക്ക് മുന്നിൽ സഹായഹസ്തവുമായി എത്തിയിരുന്നു. ജില്ലയിലെ എൻ.എസ്.എസ് വളണ്ടിയർമാർ ആറായിരത്തോളം കുട്ടികൾക്ക് ഏകജാലകം വഴി രജിസ്ട്രേഷൻ ചെയ്തുകൊടുത്തിട്ടുണ്ട്. ലോക്ക് ഡൗൺ വേളയിൽ കുട്ടികൾക്കും അമ്മമാർക്കുമായി ഒരുക്കിയ ഓൺലൈൻ കുക്കിംഗ് ഫെസ്റ്റ് പുതുമയാർന്ന പരിപാടിയായിരുന്നു.
@ സാമ്പത്തികശാസ്ത്രത്തിലും നൂറു മേനി
ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിലുമുണ്ട് ശ്രീചിത്തിന്റേതായ തനതു ടച്ച്. കണക്കിൽ നൂറു മാർക്ക് വാങ്ങമെങ്കിൽ സാമ്പത്തിക ശാസ്ത്രത്തിലും കാണിച്ചുകൊടുക്കുന്ന മായാജാലക്കാരനാണ് ഇദ്ദേഹം. മണിമുഴങ്ങുമ്പോൾ പഠിപ്പിക്കാൻ തുടങ്ങിയാൽ അടുത്ത മണിയടി വരെ അത് തുടരുന്ന രീതി പൊതുവെ കുട്ടികളിൽ ഫലിക്കുകയില്ലെന്ന വാദമാണ് ശ്രീചിത്തിന്റേത്. 20 മിനുട്ട് ഫലപ്രദമായി പഠിപ്പിച്ച ശേഷം ബാക്കിസമയങ്ങളിൽ അവരിലൊരാളായി മാറി ഇടപഴകുന്നതിലൂടെ കുട്ടികളെ എളുപ്പത്തിൽ വിജയത്തിലേക്ക് കൈപിടിച്ച് ഉയർത്താനാവുമെന്നത് അനുഭവം തന്നെയാണ്. 2017 ൽ മികച്ച ഹയർ സെക്കൻഡറി അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിന് ശ്രീചിത്ത് അർഹനായി. 2018ൽ മികച്ച എൻ.എസ്. എസ് ജില്ലാ കോർഡിനേറ്റർക്കുള്ള അവാർഡും ഇദ്ദേഹത്തെ തേടിയെത്തി. ഓൺലൈൻ പഠനം ഒരിക്കലും ക്ലാസ് മുറിയ്ക്ക് പകരമാവില്ലല്ലോ എന്ന് പറയുന്ന ഇദ്ദേഹം എത്രയും പെട്ടെന്ന് കൊവിഡിന്റെ ഭീഷണി ഒഴിഞ്ഞ് സ്കൂൾ തുറന്നുകിട്ടാൻ കാത്തുകഴിയുകയാണ്. ഭാര്യ രമ്യ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയാണ്. നാലു വയസുകാരൻ ഐതിഹ് മകനാണ്.