depression

കോഴിക്കോട്: കൊവിഡിൽ അടഞ്ഞുപോയ സ്കൂളുകൾ തുറക്കാത്തതും പഠനത്തിലെ അനിശ്ചിതത്വവും മൂലം കടുത്ത സമ്മർദ്ദത്തിലായി വിദ്യാർത്ഥികൾ. പത്താം ക്ലാസ്,​ പ്ലസ്ടു,കോളേജ് വിദ്യർത്ഥികളാണ് മാനസിക പിരിമുറുക്കത്തിന് ചികിത്സ തേടിയവരിൽ ഏറെയും. ലോക്ക് ഡൗണിന് ശേഷം 20591 വിദ്യാർത്ഥികളാണ് ജില്ലയിൽ മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും പരിചരണവും തേടിയത്. ദിവസവും 200ലധികം കുട്ടികളാണ് കൗൺസലിംഗിന് വിധേയരാവുന്നത്. ഇന്നലെ മാത്രം 240 കുട്ടികളാണ് കൗൺസലിംഗിന് എത്തിയത്. ആരോഗ്യവകുപ്പിന്റെ 'ഒ​റ്റയ്ക്കല്ല ഒപ്പമുണ്ട്' എന്ന മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ജില്ലയിൽ രൂപീകരിച്ച സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമാണ് കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,​ സൈക്യാട്രിസ്റ്റ്, സന്നദ്ധ പ്രവർത്തകർ, കൗൺസലർമാർ എന്നിവരുൾപ്പെടുന്നതാണ് സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ, അന്യ സംസ്ഥാന തൊഴിലാളികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, വീടുകളിൽ ഒ​റ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾ എന്നിവർക്കും ഇവർ കൗൺസലിംഗ് നൽകുന്നു.

അടഞ്ഞ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാനായിരുന്നു നേരത്തെ ആലോചന. 10,11,12 ക്ലാസുകൾ ആദ്യവും 6 മുതൽ 9 വരെ ക്ലാസുകൾ അതിനുശേഷവും എന്നതായിരുന്നു ക്രമീകരണം.എന്നാൽ സ്‌കൂൾ തുറന്നാൽ കൊവിഡ് നിയന്ത്റണം പൂർണതോതിൽ നടത്താനാവില്ലെന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്റാലയത്തിന്റെ വിലയിരുത്തലാണ് വിദ്യർത്ഥികൾക്ക് തിരിച്ചടിയായത്.

മനസ് വിങ്ങാൻ പലതുണ്ട് കാരണം

ലോക്ക് ഡൗൺ വന്നതോടെ വീട്ടിലകപ്പെട്ടുപോയ വിദ്യാർത്ഥികൾക്ക് സങ്കടം പങ്കുവയ്ക്കാൻ ആളില്ലാതായതും സ്കൂളുകൾ അടച്ചതോടെ സൗഹൃദങ്ങളിലുണ്ടായ അകലവുമാണ് കുട്ടികളെ കടുത്ത മാനസിക സംഘർഷത്തിലേക്ക് നയിച്ചത്.സഹപാഠികളോട് പ്രശ്‌നങ്ങൾ പങ്കുവെക്കുന്നത് കുട്ടികളെ സമ്മർദ്ദങ്ങളിൽ നിന്ന് ഒരുപരിധിവരെ രക്ഷിച്ചിരുന്നു.എന്നാൽ സ്കൂളുകൾ ഒക്ടോബർ വരെ തുറക്കേണ്ടെന്ന കേന്ദ്ര സർക്കാർ തീരുമാനം ഇവരിലെ പ്രശ്നങ്ങൾ കൂട്ടുകയാണ്.

ലോക്ക് ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധി, കുടുംബങ്ങളിലെ കലഹം, ഫലപ്രദമല്ലാത്ത ഓൺലൈൻ പഠനം,ഫോണിന്റെ അമിതമായ ഉപയോഗം, ലഹരി ഉപയോഗം എന്നിവയും മാനസിക സമ്മർദം വർധിക്കാൻ കാരണമായി.

"ലോക്ക് ഡൗണായതോടെ വിദ്യാർത്ഥികൾ വീട്ടിൽ തന്നെയാണ്. പുറംലോകവുമായുള്ള ബന്ധം അവർക്ക് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത് കുട്ടികളിൽ മാനസിക സമ്മർദത്തിനു പുറമെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, സ്വഭാവ വൈകല്യം, ലഹരി ഉപയോഗം എന്നിവ ഉണ്ടാക്കും "- ഡോ. ഇസുദ്ധീൻ- ജില്ലാ മാനസികാരോഗ്യ പരിപാടി നോ‌ഡൽ ഓഫീസർ


' താത്ക്കാലിക സംവിധാനമെന്ന നിലയിൽ ആരംഭിച്ച ഓൺലെെൻ പഠനം നീണ്ടു പോകുന്നത് കുട്ടികളെ വിദ്യാഭ്യാസപരമായും കലാപരമായും പിന്നിലേക്ക് കൊണ്ടുപോകുകയാണ്.സമൂഹത്തിലിറങ്ങി ഇടപെടാൻ കഴിയാതെ വീടുകളിലിരുന്ന് മുരടിച്ച അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇത് വല്ലാത്ത മാനസിക പിരിമുറുക്കത്തിലേക്കാണ് അവരെ എത്തിക്കുന്നത്. മാത്രമല്ല മാനസികവും ശാരീരികവുമായ വളർച്ചയെയും ബാധിക്കുന്നു.'

​ആർ. രാജീവൻ

എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ്