milma

കോഴിക്കോട്: രോഗ പ്രതിരോധശേഷി കൂട്ടാൻ പ്രകൃതിദത്ത ചേരുവകളടങ്ങിയ മിൽമ ഗോൾഡൻ മിൽക്ക്, മിൽമ ഗോൾഡൻ മിൽക്ക് മിക്സ് എന്നിവ വിപണിയിലേക്ക്. ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട എന്നിവ പാലിൽ ചേർത്താണ് മിൽമ ഗോൾഡൻ മിൽക്ക് തയ്യാറാക്കിയിരിക്കുന്നത്. 200 മില്ലി ബോട്ടിലിന് 35 രൂപയാണ് വില. മിൽമ ഗോൾഡൻ മിൽക്കിന്റെ പൊടി രൂപത്തിലുള്ള മിൽമ ഗോൾഡൻ മിൽക്ക് മിക്സ് പാലിലോ ജ്യൂസിലോ ചൂടുവെള്ളത്തിലോ ചേർത്ത് കഴിക്കാവുന്നതാണ്. ഗോൾഡൻ മിക്‌സ് മൂന്നുമാസം വരെ കേടുകൂടാതിരിക്കും.ദിനംപ്രതി ബാക്കി വരുന്ന മിൽമ പാൽ ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഓണത്തിന് രണ്ട് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. മിൽമ മലബാർ യൂണിയൻ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങളുടെ വിപണനത്തിനുള്ള ധാരണാ പത്രം കോഴിക്കോട് പ്രസ് ക്ലബ്ബിൽ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.സന്തോഷ് ജെ. ഈപ്പൻ, മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ്. മണി,​ മലബാർ മേഖല മാനേജിംഗ് ഡയറക്ടർ കെ.എം. വിജയകുമാരൻ എന്നിവർക്ക് കൈമാറി. സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ജയശ്രീ പങ്കെടുത്തു.