തരിയോട്: പെൻസിൽ കാർവിങ്ങിൽ അൽഭുതം തീർക്കുകയാണ് വിദ്യാർത്ഥിയായ ബിബിൻ തോമസ്. 25 ഇന്ത്യൻ യുദ്ധ വിമാനങ്ങളുടെ പേര് മൈക്രോ ആർട്ടിലൂടെ പെൻസിലിൽ കൊത്തി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്തിരിക്കുകയാണ് ഈ തരിയോട് സ്വദേശി. ലോക്ഡൗൺ സമയത്ത് ഇൻസ്റ്റഗ്രാമിൽ കണ്ട പെൻസിൽ കാർവിങ് സ്വായത്തമാക്കിയ ബിബിൻ പത്ത് മണിക്കൂർ സമയമെടുത്താണ് റെക്കോർഡ് നേടിയ സൃഷ്ടി തയ്യാറാക്കിയത്.
ഏറെ ഏകാഗ്രത വേണ്ടതാണ് പെൻസിൽ കാർവിങ്ങ്. ആവശ്യക്കാർക്ക് അവരുടെ പേരും ചിഹ്നങ്ങളുമൊക്കെ ഇങ്ങനെ ചെയ്ത് കൊടുത്ത് ചെറിയ വരുമാനവും ലഭിക്കുന്നുണ്ട് ബിബിന്.
പെൻസിൽ മൈക്രോ ആർട്ടിലെ സംസ്ഥാന തല കൂട്ടായ്മയായ കേരള പെൻസിൽ കാർവേഴ്സിലെ അംഗമായതോടെ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ട കലാ രൂപങ്ങൾ ചെയ്യുന്നതിനും അവസരം ലഭിച്ചു.
തരിയോട് തടത്തിൽ പുത്തൻപുര തോമസ്-ബിന്ദു ദമ്പതികളുടെ മകനാണ് മംഗലാപുരം അജിംസ് കോളേജിലെ അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിയായ ബിബിൻ.