കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിനായി അടച്ചിട്ട സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ വലിയങ്ങാടിയിലെ സ്റ്റീൽ, പ്ലൈവുഡ്, ഹാർഡ് വെയർ ആൻഡ് സാനിറ്ററി മുതലായ നൂറോളം സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. വ്യാപാരികളും തൊഴിലാളികളും പട്ടിണിയുടെ വക്കിലായി. ഓണക്കാലത്തും അയവുണ്ടായില്ല. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് വലിയങ്ങാടി പ്രവർത്തിച്ചിരുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. കാലിക്കറ്റ് ചേംബർ ഹാളിലെ യോഗത്തിൽ പ്രസിഡന്റ് സുബൈർ കൊളക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് കുഞ്ഞപ്പൻ, ടി.പി. അഹമ്മദ്‌കോയ, എം.കെ നാസർ, പി.എ ആസിഫ്, വിശോബ് പനങ്ങാട്ട് എന്നിവർ സംസാരിച്ചു.