പേരാമ്പ്ര: മത്സ്യമാർക്കറ്റിലെ സംഘർഷവുമായി ബന്ധപ്പെട്ട് പേരാമ്പ്ര പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ മുന്നൂറോളം ആളുകളുടെ പേരിൽ കേസെടുക്കുകയും ഒരാളെ അറസ്റ്റും ചെയ്തു. പേരാമ്പ്ര സ്വദേശി മുഹമ്മദ് അലി (40)യാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് എസ്.ടി.യു-സി.ഐ.ടി.യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് പേരാമ്പ്ര മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടി.

സംഘർഷത്തിൽ മത്സ്യം വാങ്ങാനെത്തിയവർ അടക്കം 13 പേർക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം കോഴിക്കോട്ടെയും പേരാമ്പ്രയിലെയും ആശുപത്രികളിൽ ചികിത്സയിലാണ്. രാവിലെ മത്സ്യ വിൽപന നടത്താൻ എത്തിയ സി.ഐ.ടി.യു പ്രവർത്തകരെ നിലവിൽ കച്ചവടം നടത്തുന്നവർ തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. തുടർന്ന് പട്ടണത്തിൽ നടന്ന കൂട്ട തല്ല് പൊലീസെത്തി ശാന്തമാക്കി. അന്വേഷണം ഊർജിതമാക്കിയെന്നും ജാഗ്രത തുടരുന്നതായും പേരാമ്പ്ര എസ്.ഐ എം. നിഷീഷ് പറഞ്ഞു. പേരാമ്പ്ര പഞ്ചായത്തിലെ 15,5 വാർഡുകളിലും മത്സ്യമാർക്കറ്റിലും മൂന്നിൽ അധികം ആളുകൾ ഒത്തുചേരുന്നത് സി.ആർ.പി.സി 144 പ്രകാരം നിരോധിച്ചിട്ടുണ്ട്. സംഘർഷത്തിൽ ഏർപ്പെട്ട മുഴുവൻ ആളുകളുടെയും പട്ടിക തയ്യാറാക്കാൻ റൂറൽ പൊലിസ് മേധാവിയ്ക്ക് നിർദ്ദേശം നൽകി.