kovid

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 232 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒൻപത് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ പത്ത് പേർക്കുമാണ് പോസിറ്റീവ് ആയത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. ഇതിൽ എട്ട് പേരും കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ നിന്നാണ്. സമ്പർക്കം വഴി 189 പേർക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി 107 പേർക്കും ചോറോട് പ്രദേശത്ത് 17 പേർക്കും മാവൂർ 14 പേർക്കും രോഗം ബാധിച്ചു. ഏഴ് ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1358 ആയി. 20 പേർ രോഗമുക്തി നേടി.

ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ-1358

കോഴിക്കോട് മെഡിക്കൽ കോളേജ്-105

ഗവ. ജനറൽ ആശുപത്രി-163

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി-139

കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി.സി-198

ഫറോക്ക് എഫ്.എൽ.ടി.സി-148

എൻ.ഐ.ടി മെഗാ എഫ്.എൽ.ടി.സി-158

എ.ഡബ്ല്യു.എച്ച് എഫ്.എൽ.ടി.സി-113

മണിയൂർ നവോദയ എഫ്.എൽ.ടി.സി-176

എൻ.ഐ.ടി നൈലിറ്റ് എഫ്.എൽ.ടി.സി- 25

മിംസ് എഫ്.എൽ.ടി.സി- 22

മറ്റു സ്വകാര്യ ആശുപത്രികൾ-96

മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ-15

(മലപ്പുറം-7, കണ്ണൂർ-2, പാലക്കാട്-1, ആലപ്പുഴ-1, തിരുവനന്തപുരം-1, തൃശൂർ-1, കോട്ടയം-1, എറണാകുളം-1)

കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ-75

836 പേർ കൂടി നിരീക്ഷണത്തിൽ

കോഴിക്കോട്: പുതുതായി വന്ന 836 പേർ ഉൾപ്പെടെ ജില്ലയിൽ 14864 പേർ നിരീക്ഷണത്തിലായി. 86568 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 248 പേരുൾപ്പെടെ 1286 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 3186 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്. 593 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും, 2569 പേർ വീടുകളിലും, 24 പേർ ആശുപത്രികളിലുമാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 22 ഗർഭിണികളുണ്ട്. 30808 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

വെള്ളയിൽ കർശന നിയന്ത്രണം

കോഴിക്കോട് : കോർപ്പറേഷനിലെ വെള്ളയിൽ വാർഡ് 66ൽ കൂടുതൽ കൊവിഡ് പരിശോധന നടത്താൻ തീരുമാനം. പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വാർഡിലെ ഇൻസിഡന്റ് കമാൻഡറായി ഡപ്യൂട്ടി കളക്ടർ ഇ. അനിത കുമാരിയെ നിയോഗിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വെള്ളയിൽ ഫിഷിംഗ് ഹാർബറും തീരദേശ പ്രദേശത്തേക്കുള്ള റോഡുകളും അടച്ചു. തീരദേശ റോഡുകളിൽ നിന്ന് വരുന്നവർ ഗാന്ധി റോഡിൽ നിന്നും ഭട്ട് റോഡിൽ നിന്നും തിരിഞ്ഞ് പോവേണ്ടതാണ്. വാർഡ് 66ലേക്ക് പുറമെ നിന്ന് പ്രവേശിക്കോനോ പോവാനോ പാടില്ല. വാർഡിനെ 10 സോണുകളായി തിരിച്ചു. അവശ്യ വസ്തുക്കൾ എത്തിച്ചു നൽകാൻ ഓരോ സോണിനും നാല് പേരടങ്ങുന്ന ആർ.ആർ.ടി ടീമിന്റെ സേവനം ലഭ്യമാണ്. വെള്ളയിൽ കണ്ടെയ്ൻമെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ഇന്ന് മുതൽ മുഴുവൻ വാർഡും ലോക്ക് ഡൗണിലാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും. അവശ്യവസ്തുക്കൾ ആർ.ആർ.ടി- സന്നദ്ധപ്രവർത്തകർ വീട്ടിലെത്തിക്കും.

നരിക്കുനി ഒമ്പതാം വാർഡ് നിരീക്ഷണത്തിൽ

നരിക്കുനി: നരിക്കുനി പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഒരു വീട്ടിൽ എല്ലാവർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ വാർഡ് പ്രത്യേക നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം ഈ വീട്ടിൽ വീട് നിർമ്മാണ ജോലിക്കെത്തിയവർക്കും അവരുമായി സമ്പർക്കമുള്ളവർക്കും ബുധനാഴ്ച നരിക്കുനി ഗവ.ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തും.