കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിലെ രണ്ട് റോഡുകളുടെ പ്രവൃത്തി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 13.61 ലക്ഷം രൂപ അനുവദിച്ച് മാതാംപറമ്പ്-പുൽപറമ്പ് റോഡും 10 ലക്ഷം രൂപ ചെലവിൽ മാട്ടുമ്മൽ-മീത്തൽ റോഡുമാണ് നിർമ്മിക്കുന്നത്. എടക്കുനിത്താഴം-ഓവുങ്ങര റോഡിൽ നിന്നാണ് മാതാംപറമ്പ്-പുൽപറമ്പ് റോഡ് ആരംഭിക്കുന്നത്. കാമ്പ്രത്ത് ഭാഗത്തുകൂടി മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപത്ത് എത്താനുള്ള എളുപ്പ മാർഗമാണിത്. കുന്ദമംഗലം പഞ്ചായത്തിലെ മാട്ടുമ്മൽ മീത്തൽ റോഡ് ചേരിഞ്ചാൽ കോട്ടാംപറമ്പ് റോഡിൽ നിന്ന് ആരംഭിച്ച് മനത്താനത്ത് അമ്പലത്തിന് സമീപത്ത് കൂടെയാണ് പോകുന്നത്. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ പി. പവിത്രൻ, ഷൈജ വളപ്പിൽ, ബഷീർ പാളിയിൽ, പ്രദേശവാസികളായ കാമ്പ്രത്ത് മനോജ്, സി. സോമൻ, പി. ബാബു എന്നിവർ പ്രസംഗിച്ചു.