കോഴിക്കോട്: വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കൃഷിയില്ലെന്നതിന്റെ ക്ഷീണം കേരളത്തിനുണ്ടെങ്കിലും കിസാൻ റെയിൽ പദ്ധതി പ്രയോജനപ്പെടുത്താൻ സാദ്ധ്യതയേറെ.
കയറ്റിവിടുന്ന കാർഷികോത്പന്നങ്ങൾ ഒരു റെയിൽവേ സ്റ്റേഷനിലേക്ക് കേന്ദ്രീകരിക്കുകയേ വേണ്ടൂ. കിസാൻ റെയിൽ സ്പഷ്യൽ ട്രെയിൻ അവിടെയെത്തിയിരിക്കും. കർഷകരും വ്യാപാരികളും കൈകോർത്താൽ കയറ്റുമതി കൂടുതൽ സുഗമമാക്കാം. ഡിമാൻഡുള്ള വിളകൾ പരമാവധി കയറ്റിവിടാനാവുമ്പോൾ ഭേദപ്പെട്ട വില കർഷകർക്ക് ഉറപ്പാക്കാനാവുമെന്ന മെച്ചവും. സ്പെഷ്യൽ ട്രെയിൻ അനുവദിക്കാൻ ചുരുങ്ങിയത് 370 ടൺ ചരക്ക് വേണമെന്നാണ് നിബന്ധന. കേരളത്തിന്റെ കാര്യത്തിൽ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ ഇത്രയും അളവിൽ കാർഷികോത്പന്നങ്ങൾ ലഭിക്കില്ലെന്ന പ്രശ്നം തന്നെയാണ് മുഖ്യം. എന്നാൽ, പുറംനാടുകളിലേക്കു കയറ്റിപ്പോവുന്ന പ്രധാന വിളകൾ ഒരിടത്തേക്ക് എത്തിക്കാനായാൽ കിസാൻ റെയിൽ വഴി ദീർഘദൂരദിക്കുകളിലേക്ക് വേഗത്തിൽ എത്തിക്കാനാവുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. ലോറി മാർഗം ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ നാലും അഞ്ചും ദിവസം എടുക്കന്നുണ്ടെങ്കിൽ കിസാൻ സ്പെഷ്യലിന് അത്രയും ദൂരം താണ്ടാൻ 30 മണിക്കൂർ മതിയാവും. പഴം - പച്ചക്കറി ഇനങ്ങളും പാൽ, മുട്ട, മത്സ്യം, മാംസം തുടങ്ങിയവയും കേടുവരാനിടയാവാതെ എത്തിക്കാൻ സാധിക്കും. ശീതീകരിച്ച പാഴ്സൽ വാൻ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ബഡ്ജറ്റിൽ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതാണ് കിസാൻ റെയിൽ. എളുപ്പത്തിൽ കേടുവരുന്ന പാൽ, പഴം, പച്ചക്കറി തുടങ്ങിയവ ശീതീകരിച്ച പാഴ്സൽ വാനിൽ എക്സ്പ്രസ് ട്രെയിനിന്റെ വേഗതയിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണിത്. സാധാരണ പാഴ്സൽ നിരക്കിനെ അപേക്ഷിച്ച് 50 ശതമാനം കൂടും ചാർജ്. പ്രഥമ കിസാർ റെയിൽ സർവീസ് മഹാരാഷ്ട്രയിലെ മേവ്ലാലിൽ നിന്ന് ബീഹാറിലെ ദാനാപൂരിലേക്കായിരുന്നു. 1519 കിലോമീറ്റർ ദൂരം ഓടിയെത്തിയത് 31 മണിക്കൂറിൽ. ''നിശ്ചിത അളവിൽ കയറ്റാൻ ഉത്പന്നങ്ങളുണ്ടെങ്കിൽ കിസാൻ റെയിൽ അനുവദിക്കാൻ ഒരു പ്രയാസവുമില്ല. ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം ട്രെയിൻ ഓടിക്കാനുള്ള സംവിധാനമായിക്കഴിഞ്ഞു. ജെറിൻ ജി. ആനന്ദ്, സീനിയർ കമേഴ്സ്യൽ മാനേജർ, പാലക്കാട് റെയിൽവേ ഡിവിഷൻ