കോഴിക്കോട്: മറുനാടൻ പൂക്കളുടെ നിറപ്പകിട്ടില്ലാത്ത ഈ ഓണക്കാലത്ത് പൂക്കളത്തിൽ താരമായി ഇലകളും. പാടത്തും പറമ്പിലും കാണുന്ന ചെത്തി, തുമ്പ, കോളാമ്പി, മുക്കുറ്റി തുടങ്ങിയ നാടൻ പൂക്കൾക്കൊപ്പമാണ് തുളസിയില, തൊട്ടാവാടിയില, വാഴക്കൂമ്പ്, ദേവതാരൂ, പന്നൽ ചെടികൾ തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ ഇലകൾ ഇടം പിടിച്ചിരിക്കുന്നത്. നാടൻ പൂക്കൾ കിട്ടാത്തവർ ഇലകൾ മാത്രമുപയോഗിച്ചാണ് പൂക്കളം തീർക്കുന്നത്. തേങ്ങാപ്പീരയിൽ ചായം കലർത്തി പുതുമയുള്ള പൂക്കളം ഒരുക്കുന്നവരും ഏറെയുണ്ട്. ഓണക്കാലത്ത് തൊടികളിൽ വിരിഞ്ഞുനിന്നാടാറുള്ള കൃഷ്ണ കിരീടത്തിന് ഇപ്പോൾ വൻ ഡിമാൻഡാണ്. കൊവിഡ് ഭയത്താൽ അന്യ സംസ്ഥാന പൂക്കളോട് 'നോ' പറഞ്ഞതോടെയാണ് പൂക്കളത്തിൽ നാടൻ പൂക്കളും ഇലകളും സ്ഥാനം പിടിച്ചത്.
@ ഇലക്കുമ്പിളുമായി പൂക്കൾ തേടി
പൂക്കൊട്ടയും ഇലക്കുമ്പിളുമായി തൊടിയിലും പാടത്തും പൂ തേടി പോയ ഭൂതകാലത്തിന്റെ വീണ്ടെടുപ്പാവുകയാണ് ഇത്തവണത്തെ ഓണക്കാലം. തുമ്പയും തെച്ചിയും ചെമ്പരത്തിയും മുക്കുറ്റിയും വേലിയിൽ പടർന്ന് നിൽക്കുന്ന ഓടാപ്പൂക്കളും ശംഖ് പുഷ്പവും കാക്കപ്പൂവും നന്ത്യാർവട്ടവുമെല്ലാം പ്രതാപത്തോടെ പൂക്കളത്തിൽ നിറയുകയാണ്. നാട്ടിൻ പുറത്തിന്റെ സൗരഭ്യവും സൗന്ദര്യവും നിറഞ്ഞ പൂക്കളാണ് മാവേലി തമ്പുരാനെ വരവേൽക്കുന്നത്.