വടകര: കൊവിഡ് കാലത്ത് വീട്ടിൽ ചടഞ്ഞിരുന്ന് സമയം കളഞ്ഞില്ല, ബ്രഷും പെയിന്റുമെടുത്ത് തുനിഞ്ഞിറങ്ങി. ഇതിനകം ഇവൾ വരച്ചുതീർത്ത ചിത്രങ്ങൾ ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ വൈറലാണ്. അഴിയൂർ കോറോത്ത് റോഡിലെ വടക്കനാം പറമ്പത്ത് മുസ്തഫ-ഷാഹിദ ദമ്പതികളുടെ മകളായ ഷാന മുസ്തഫയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയയാകുന്നത്.
ബോട്ടിൽ ആർട്ട്, വാട്ടർ കളർ, അക്രിലിക് കളർ, ഓയിൽ കളർ എന്നിവയൊക്കെ ഉപയോഗിച്ച് ഒരുപിടി ചിത്രങ്ങളാണ് ഈ മെഡിക്കൽ അനസ്തേഷ്യാ വിദ്യാർത്ഥിനി വരച്ചത്. മമ്മൂട്ടി, മോഹൻലാൽ, അഹാന കൃഷ്ണ, നിവിൻ പോളി, മദർ തെരേസ, ഗാന്ധിജി, റൊണാൾഡൊ, മെസി എന്നിവരൊക്കെയാണ് കാൻവാസിൽ നിറഞ്ഞു നിൽക്കുന്നത്.
ആകർഷകമായ സീനറികൾ തെളിയുന്ന ബോട്ടിൽ ആർട്ട്, അറബിക് കാലിഗ്രാഫി തുടങ്ങിയവയ്ക്ക് ഇൻസ്റ്റഗ്രാമിലും ആവശ്യക്കാരുണ്ട്. മാതാപിതാക്കളും ചിത്രകല അദ്ധ്യാപിക ഓമനയും പ്രചോദനമായെന്ന് ഷാന പറയുന്നു. മംഗലാപുരത്താണ് മെഡിക്കൽ പഠനം. സഹോദരങ്ങൾ: ഷാദിൽ അമീൻ(പ്ലസ് വൺ), നഫീസ ശാൻഹ(ആറാം ക്ലാസ്).