rat

കോഴിക്കോട്: കൊവിഡിനൊപ്പം എലിപ്പനി പടരുന്നത് ജില്ലയെ ഭീതിയിലാക്കുന്നു. എലിപ്പനി ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചതോടെ ആരോഗ്യ വകുപ്പും അങ്കലാപ്പിലായിട്ടുണ്ട്. കൊവിഡ് വാർഡുകളിൽ ശുചീകരണ ജോലി ചെയ്തിരുന്ന മെഡിക്കൽ കോളേജ് ജീവനക്കാരിയാണ് കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് മരിച്ചത്. പനിയെ തുടർന്ന് നടത്തിയ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. പിന്നീടാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തോടെ

മറ്റ് അസുഖങ്ങളോടുള്ള ജനങ്ങളുടെ നിസാര സമീപനം ജല-ജന്തു രോഗങ്ങൾ വ്യാപകമാകാൻ കാരണമായിട്ടുണ്ട്. കൊവിഡിനെ ഭയന്ന് പലരും ആശുപത്രിയിൽ പോകാൻ മടിക്കുകയാണ്.

പനിയുളളവരെ പലയിടങ്ങളിലും ഒറ്റപ്പെടുത്തുന്ന സാഹചര്യവുമുണ്ട്. അസുഖം ഗുരുതരമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ കനത്തതോടെ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

മുന്നറിയിപ്പ് നൽകിയിരുന്നു.

 എലിപ്പനിയെ കരുതണം

മഴക്കാല പകർച്ച വ്യാധികളിൽ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏത് പനിയും എലിപ്പനിയാകാമെന്നതിനാൽ പനി വന്നാൽ സ്വയം ചികിത്സ പാടില്ല. ആരംഭത്തിൽ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
മലിന ജലത്തിലിറങ്ങുന്നവർ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കണം. രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. സർക്കാർ ആശുപത്രികളിൽ എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണ്.

 എലിപ്പനി?
ലെപ്‌ടോസ്‌പൈറ ജനുസിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്.

 രോഗം വരുന്ന വഴി

കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർക്കും മലിന ജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യത കൂടുതൽ. രോഗവാഹകരായ എലി, പട്ടി, കന്നുകാലികൾ, പന്നി എന്നിവയുടെ വിസർജ്യം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കലരുന്നു. മുറിവിലൂടെയും മറ്രുമാണ് എലിപ്പനിയുടെ അണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്.


 ലക്ഷണങ്ങൾ
പനി, പേശി വേദന (കാൽവണ്ണയിലെ പേശികളിൽ) തലവേദന, നടുവേദന, വയറുവേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. ശരിയായ ചികിത്സ നൽകുകയാണെങ്കിൽ പൂർണമായും ഭേദമാക്കാവുന്നതാണ്.

 തുടക്കത്തിൽ ചികിത്സ വേണം

ആരംഭത്തിൽ ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ രോഗം മൂർച്ഛിച്ച് കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും.

 പ്രതിരോധം ഇങ്ങനെ

മലിന ജലത്തിൽ നിന്ന് മാറി നടക്കാം

സോപ്പ് ഉപയോഗിച്ച് ശരീരം വൃത്തിയാക്കുക

ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഡോക്‌സിസൈക്ലിൻ കഴിക്കുക

ആഹാര പദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക

എലിയെ നശിപ്പിക്കുക

തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക.
ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെടുന്നവർ കരുതണം

കൈയുറ, കാലുറ എന്നിവ ധരിക്കുക