നാദാപുരം: കോമഡി മത്സര വേദിയിൽ തുടർച്ചയായി 12 മണിക്കൂർ തമാശ പറഞ്ഞ യുവാവ് ഗിന്നസ് ബുക്കിൽ ഇടം നേടി. വാണിമേൽ പരപ്പുപാറയിലെ പുതുക്കുടി കിണറുള്ള പറമ്പത്ത് വിനീതാണ് ഗിന്നസ് താരമായത്. ജീവിത ദുരിതത്തിനിടയിലും പൊരുതി നേടിയ വിജയം വാണിമേലിനും അഭിമാനമായി.
നാടൻ ശൈലിയിൽ ഒരു സ്വകാര്യ ചാനലിൽ നടന്ന കോമഡി പരിപാടിയിലൂടെയാണ് വിനീതിന്റെ തുടക്കം.രാവിലെ പത്ത് മണി മുതൽ രാത്രി പത്ത് മണി വരെ 12 മണിക്കൂർ ആയിരുന്നു ഗിന്നസ് മൽസരം. പരിപാടി അവതരിപ്പിച്ച് 10 മണിക്കൂർ പിന്നിടുമ്പോഴേക്കും ഗിന്നസ് ലഭിച്ചു. കോമഡി വൈറലായതോടെ മൂന്ന് മില്യൻ ആളുകളാണ് പരിപാടി തത്സമയം കണ്ടതെന്ന് വിനീത് നാദാപുരം പ്രസ് ക്ലബിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എറണാകുളം അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ 2018 ഡിസംബർ 23നായിരുന്നു മൽസരം. കഴിഞ്ഞ ദിവസമാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. മാർബിൾ ജോലി ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വിനീത് ഒഴിവു സമയങ്ങളാണ് കലാ പ്രകടനത്തിനായി നീക്കിവച്ചിരുന്നത്. സ്‌കൂൾ പഠന കാലത്ത് ചെറിയ രീതിയിൽ കോമഡി അവതരിപ്പിച്ചിരുന്നു. വാണിമേൽ പരപ്പുപാറ പുതുക്കുടി കണാരന്റെയും ദേവിയുടെയും മകനാണ് വിനീത്.