img202008
മുക്കത്ത് നഗരസഭാ അധികൃതരും ആരോഗ്യ പ്രവർത്തകരും നടത്തിയ പരിശോധന

മുക്കം: മുക്കം നഗരസഭയിൽ വീണ്ടും കൊവിഡ് വ്യാപനം. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാൾക്കും 11 ആരോഗ്യ പ്രവർത്തകർക്കും അടക്കം 14 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ വിവിധ മേഖലകളിൽ നഗരസഭ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമാക്കാൻ തുടങ്ങി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളെ ക്വാറന്റീനിൽ കഴിയാൻ അനുവദിക്കാതെ ജോലിക്ക് നിയോഗിക്കുന്നതും നഗരസഭയെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കാത്തതും കുറ്റകരമാണെന്ന് സെക്രട്ടറി മുന്നറിയിപ്പു നൽകി.

ബംഗാളിൽ നിന്നെത്തി മുക്കം അങ്ങാടിയിലെ കെട്ടിടത്തിൽ താമസിച്ച് വസ്ത്ര നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്ത തൊഴിലാളിയെ ശനിയാഴ്ചയാണ് കണ്ടെത്തി ക്വാറന്റൈനിലാക്കിയത്. ഞായറാഴ്ച നടത്തിയ ടെസ്റ്റിൽ ഇയാൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. വസ്ത്ര നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാൻ പൊലീസിനു നിർദ്ദേശം നൽകിയതായി സെക്രട്ടറി അറിയിച്ചു. സ്ഥാപനം അടച്ചിടാനും ജീവനക്കാരോടെല്ലാം ക്വാറന്റീനിൽ പോകാനും നിർദ്ദേശിച്ചു. മുക്കം നഗരസഭയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാരടക്കം 11 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ അഞ്ചു പേർ സ്ഥാപനത്തിലും പരിസരത്തും താമസിക്കുന്നവരും മറ്റുള്ളവർ അടുത്ത പഞ്ചായത്തുകളിലുള്ളവരുമാണ്.

ലോഡ്ജുകളിൽ താമസിക്കുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ സെക്രട്ടറി നിർദ്ദേശിച്ചു. ഇവരിൽ നിന്നും മറ്റുള്ളവരിലേയ്ക്ക് രോഗപകർച്ച ഉണ്ടായോ എന്നു കണ്ടെത്താനാണ് ശ്രമം. ഇതര സംസ്ഥാന തൊഴിലാളിയ്ക്കും ആരോഗ്യ പ്രവർത്തകർക്കും പുറമെ ഒരു നഗരസഭ കൗൺസിലർക്കും മുക്കം ചർച്ചിന്റെ പരിസരത്തു താമസിക്കുന്ന ഒരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നുറപ്പു വരുത്താൻ നഗരസഭയുടെ സ്ക്വാഡ് വിവിധയിടങ്ങളിൽ പരിശോധന നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അറിയിച്ചു.