സുൽത്താൻ ബത്തേരി: ഫോറൻസിക് സർജന്റെ സേവനം ക്രമംതെറ്റിയതോടെ ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടം നടപടികൾ താളം തെറ്റി. കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടത്തിനായി എത്തിച്ച രണ്ട് മൃതദേഹങ്ങളിൽ ഒന്ന് മാത്രമാണ് നടപടികൾ പൂർത്തിയാക്കിയത്. ഫോറൻസിക് സർജന്റെ സേവനം ലഭിക്കാത്തതിൽ പ്രതിഷേധം ഉയരുകയും ചെയ്തു. നേരത്തെ പോസ്റ്റ്മോർട്ടം യൂണിറ്റ് കൃത്യമായി പ്രവർത്തിക്കുകയും ഡോക്ടറുടെ സേവനം ഏതു സമയത്തും ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ ഡോക്ടർ സ്ഥാനകയറ്റം ലഭിച്ച് സ്ഥലംമാറി പോയതോടെ പോസ്റ്റുമോർട്ടം യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിലായി. നിലവിൽ ഡോക്ടറെ നിയമിച്ചിട്ടുണ്ടെങ്കിലും വേണ്ട സമയത്ത് സേവനം ലഭിക്കുന്നില്ലെന്നാണ് ആരോപണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോസ്റ്റ്മോർട്ടം നടക്കുന്ന യൂണിറ്റുകളിൽ ഒന്നാണ് ബത്തേരി.
സംശയങ്ങളും വിവാദങ്ങളും ഉണ്ടാകുന്ന മൃതദേഹങ്ങൾ ഫോറൻസിക് സർജന്റെ മേൽനോട്ടത്തിൽ വേണം പോസ്റ്റുമോർട്ടം ചെയ്യാൻ.കൂടുതൽ പോസ്റ്റുമോർട്ടം കേസുകൾ വരുന്നതിനാൽ ഇവിടെ ജോലി ചെയ്യാൻ ഡോക്ടർമാർ വിമുഖത കാട്ടുന്നതായും പരാതിയുണ്ട്.