കോഴിക്കോട്: രാജ്യത്തെ ആദ്യ മഹിളാമാളെന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ സംരംഭം അടച്ചുപൂട്ടുന്നു.
നിരവധി കുടുംബശ്രീ പ്രവർത്തകരെ കടക്കെണിയിലേക്ക് തള്ളിവിട്ടാണ് പതനം. ഇതോടെ കുടുംബശ്രീയുടെയും മാനേജ്മെന്റിന്റെയും വീഴ്ചയാണെന്ന് പഴിച്ച് വനിതാ സംരംഭകരും രംഗത്തെത്തി. ഉയർന്ന വാടകയും നടത്തിപ്പുകാരുടെ വീഴ്ചയുമാണ് തകർച്ചയ്ക്ക് കാരണമെന്ന് സംരംഭകർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കോഴിക്കോട് നഗരത്തിൽ ആറുനിലകളിലായി 79 മുറികളിലാണ് മാൾ തുടങ്ങിയത്. കുടുംബശ്രീ ജില്ലാ മിഷന്റെയും കോർപ്പറേഷന്റെയും സഹകരണവുമുണ്ടായിരുന്നു. പതിയെ പ്രവർത്തനം അവതാളത്തിലായി. ഇതോടെയാണ് ബാദ്ധ്യതയായത്. ആദ്യത്തെ അഞ്ച് മാസം മെച്ചപ്പെട്ട കച്ചവടം ഉണ്ടായിരുന്നെങ്കിലും പിന്നീടായിരുന്നു പതനം. ചിലർ കടകൾ തുറക്കാതെയായി. മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയതോടെ കടകളെല്ലാം പൂട്ടി. പിന്നെ തുറന്നില്ല.
ജൂൺ ആദ്യ വാരം ഇതര മാളുകളെല്ലാം തുടങ്ങിയെങ്കിലും വാടക കുടിശികയുടെ പേരിൽ മഹിളാ മാൾ മാത്രം തുറന്നില്ല. ഒരാഴ്ച മുൻപാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. മുപ്പത് ദിവസത്തിനകം കട ഒഴിവാകണമെന്നും 11 മാസത്തെ എഗ്രിമെന്റ് കാലാവധിയ്ക്ക് ശേഷം കടമുറി കെെവശം വെച്ചതിന് വൻ തുകയും ആവശ്യപ്പെട്ട് സംരംഭകർക്ക് കുടുംബശ്രീ നോട്ടീസ് നൽകിയെന്നും സംരംഭകർ പറഞ്ഞു.
ആളുകളെ ആകർഷിക്കാനായി മൾട്ടിപ്ലസ് തീയേറ്റർ, പ്ലേ സോൺ, റൂഫ് ഗാർഡനോടു കൂടിയ ഫുഡ്കോർട്ട്, ജിംനേഷ്യം, ഷി ടാക്സി, ഓട്ടോമാറ്റിക് കാർ വാഷിംഗ് സെന്റർ, സൂപ്പർമാർക്കറ്റ് എന്നിവയൊക്കെ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. മുഖ്യമന്ത്രിയ്ക്കും നിവേദനം അയച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. മാസങ്ങളായി പൂട്ടിയതോടെ സാധനങ്ങളും നശിച്ചു. കടക്കെണിയിൽ കുടുങ്ങിയതോടെ പലരും ആത്മഹത്യയുടെ വക്കിലാണ്. സർക്കാർ പരിഹാരം കാണണമെന്നും അല്ലെങ്കിൽ സമരം ആരംഭിക്കുമെന്നും വനിതാ സംരംഭകർ അറിയിച്ചു. അനിത ജയിംസ്, ടി. മിനി, സമീന, എൻ.കെ നൂർജഹാൻ എന്നിവർ സംസാരിച്ചു.