കോഴിക്കോട്: അറുപത് കുട്ടികളില്ലെന്ന കാരണത്താൽ സ്ഥിര നിയമനം ലഭിക്കാത്ത എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർ വേതനം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിലേക്ക്. 27ന് ഡി.ഡി.ഇ ഓഫീസുകൾക്കും എ.ഇ.ഒ ഓഫീസുകൾക്കും മുന്നിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിരാഹാര സമരം നടത്തുമെന്ന് നോൺ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ നാല് മാസമായി ദിവസ വേതനം നിഷേധിച്ചിരിക്കുകയാണ്. മാർച്ചിലെ പ്രവൃത്തി ദിനങ്ങൾ കണക്കാക്കി ശമ്പളം തന്നെങ്കിലും പിന്നീടുള്ള മാസങ്ങളിലെ ശമ്പളം മുടങ്ങി. കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് അനുസൃതമായി ജോലി ലഭിച്ചവർക്ക് കുട്ടികളുടെ എണ്ണക്കുറവ് പറഞ്ഞ് സ്ഥിര നിയമനം നിഷേധിക്കുകയാണ്.
ജൂൺ ഒന്നിന് ഓൺലൈൻ പഠനം ആരംഭിച്ചത് മുതൽ സ്ഥിരാദ്ധ്യാപകർ ചെയ്യുന്ന ജോലികൾ തങ്ങളും ചെയ്യുന്നു.
സ്‌കൂളിലെ താത്കാലിക ജീവനക്കാരായ പാചക തൊഴിലാളികൾക്ക് സമാശ്വാസ സഹായം നൽകി വരുമ്പോഴും ദിവസ വേതനത്തിന് ജോലി ചെയ്യുന്ന അദ്ധ്യാപകരെ പരിഗണിക്കുന്നില്ല. ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ല. എല്ലാ വിഭാഗം ജീവനക്കാർക്കും ഉത്സവബത്ത പ്രഖ്യാപിച്ചപ്പോൾ തങ്ങളെ പരിഗണിച്ചില്ലെന്നും അദ്ധ്യാപകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഷിജിൽ രാഗം, രശ്മി എം, ശ്രീതൾ എം, ഹേമന്ദ് എസ്.എച്ച് എന്നിവർ പങ്കെടുത്തു.