കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിൽ പുഴിത്തോട് കെ.യു.പി സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന പന്നി ഫാമുകളുടെ പ്രവർത്തനം നിറുത്തിവെക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹൻദാസ് നിർദ്ദേശിച്ചു. സമീപവാസികൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന പരാതിയിൽ ഉടമകൾക്ക് നോട്ടിസ് നൽകി അവരെ കേൾക്കാനും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഫാമുകൾക്ക് പഞ്ചായത്തിന്റെ ലൈസൻസോ അനുമതിയോ ഇല്ലെന്ന് മറുപടി ലഭിച്ചു. സ്ഥലത്ത് മൂന്ന് പന്നി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. പുറത്ത് നിന്നും കൊണ്ടു വരുന്ന ഹോട്ടൽ മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കുന്നതു കാരണം പരിസര മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മാലിന്യങ്ങൾ മഴക്കാലത്ത് ഒഴുകി നീർത്തടങ്ങളിലും കുടിവെള്ള സ്രോതസുകളിൽ എത്താൻ സാദ്ധ്യതയുണ്ട്. മെഡിക്കൽ ഓഫീസർ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണം അപര്യാപ്തവും പരിതാപകരവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഫാം ഉടമകൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് കമ്മിഷൻ ആവശ്യപ്പെട്ടു. സ്കൂൾ അദ്ധ്യാപകർക്ക് പുറമെ പ്രദേശവാസിയായ ജോൺസനും പരാതി നൽകിയിരുന്നു.