ബാലുശ്ശേരി: പൂവേ പൊലിയും ഓണപ്പാട്ടും പതിഞ്ഞ സ്വരത്തിലായ ഈ ഓണക്കാലത്ത് ഓലക്കുടയും ഓട്ടുമണിയുമായെത്തുന്ന ഓണപ്പൊട്ടനും ഇല്ല.
പാരമ്പര്യമായി മലയൻ പാണൻ സമുദായക്കാർ കെട്ടിവരാറുള്ള ഒരാചാരമാണ് ഓണപ്പൊട്ടൻ. മഹാബലിയുടെ പ്രതീകമായ ഓണപ്പൊട്ടൻ കിരീടമണിഞ്ഞാൽ സംസാരിക്കില്ല. മണികിലുക്കിയാണ് വരവറിയിക്കുക. അത്തം മുതൽ തിരുവോണം വരെ മുറ്റത്ത് പൂക്കളം തീർത്ത് പുത്തനുടുപ്പുകൾ അണിഞ്ഞ് കുട്ടികൾ ഓണപ്പൊട്ടനെ വരവേൽക്കാനിരിക്കും. വീടുകൾ തോറും കയറിയിറങ്ങുന്ന ഓണപ്പൊട്ടനെ അരിയും വസ്ത്രവും ദക്ഷിണയും നൽകി യാത്രയാക്കുകയാണ് പതിവ്.
കൊവിഡ് മഹാമാരിയിൽ തെയ്യവും വാദ്യവും ക്ഷേത്രാടിയന്തിരവും നടത്തി ജീവിച്ചു വന്നിരുന്ന എത്രയോ കലാകാരന്മാരുടെ ജീവിതമാണ് വിറങ്ങലിച്ചുപോയത്. മഴക്കാലത്തേക്കുള്ള സമ്പാദ്യം സ്വരുക്കൂട്ടേണ്ട നേരത്താണ് കൊവിഡ് പടർന്നത്.
ബാങ്ക് ലോണും കൈ വായ്പയും വാങ്ങി തെയ്യച്ചമയങ്ങളും ആടയാഭരണങ്ങളും വാങ്ങിയവർ തിരിച്ചടയ്ക്കാൻ ഗതിയില്ലാത്ത അവസ്ഥയിലാണെന്ന് ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ സ്വദേശിയായ രജീഷ് പണിക്കർ പറയുന്നു. കേരള സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവ് കൂടിയായ രജീഷ് പണിക്കർ കേരള മലയൻ പാണർ സമുദായ ക്ഷേത്ര സമിതി കൊയിലാണ്ടി മേഖലാ സെക്രട്ടറി കൂടിയാണ് .