കുന്ദമംഗലം: മാസങ്ങൾക്ക് മുൻപ് വരെ ബസുകൾ നിറഞ്ഞിരുന്ന കുന്ദമംഗലം ബസ് സ്റ്റാൻഡിൽ ഇപ്പോൾ പേരിന് പോലും ബസില്ല. കൊവിഡ് തിരിച്ചടിയിൽ എല്ലാവരും ഓട്ടം നിറുത്തിയതോടെ സ്റ്റാൻഡ് ഇതര വാഹനങ്ങൾ കൈയ്യടക്കി. അപൂർവമായി ഓടുന്ന കെ.എസ്.ആർ.ടി.സിയാകട്ടെ ഇവിടേക്ക് കയറുന്നുമില്ല. പെരിങ്ങൊളം, കുരിക്കത്തൂർ, മാവൂർ, പിലാശ്ശേരി, പയമ്പ്ര, കുറ്റിക്കാട്ടൂർ, നെച്ചൂളി എന്നിവിടങ്ങളിലേക്കുള്ള മിനി ബസുകളായിരുന്നു ഇവിടെ പാർക്ക് ചെയ്തിരുന്നത്. അവയെല്ലാം സർവീസ് നിറുത്തി. യാത്രക്കാരില്ലാത്തത് കച്ചവടക്കാരെയും ബാധിച്ചിട്ടുണ്ട്. എല്ലാം ശരിയാകാൻ ഇനിയും എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന ആധിയിലാണ് ഇവരെല്ലാം.