കുറ്റ്യാടി: ഓട്ടോയിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. ചേരാപുരം അനന്തോത്ത് കെ.പി മൊയ്തുവിന്റെ മകൻ മുഹമ്മദ് സഈദിനാണ് (37) പരിക്കേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ കുഞ്ഞിക്കണ്ടി റോഡിനടുത്താണ് അപകടം. തീക്കുനി ടൗണിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന സഈദിന്റെ സ്‌കൂട്ടറിന് പിന്നിൽ ഓട്ടോ ഇടിക്കുകയായിരുന്നു. എന്നാൽ ഓട്ടോറിക്ഷ നിർത്താതെ പോയി. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. കുറ്റ്യാടി പൊലീസിൽ പരാതി നൽകി. സമീപത്തെ കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്.