കോഴിക്കോട്: നഗരത്തിൽ ഓണത്തിരക്കായതോടെ കൊവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി കോർപ്പറേഷൻ. വ്യാപാര സ്ഥാപനങ്ങളിൽ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി വ്യാപാരികളുമായി മേയർ തോട്ടത്തിൽ രവീന്ദ്രൻ ചർച്ച നടത്തി.
തിരക്ക് കുറയ്ക്കുന്നതിന് കടകൾ അടയ്ക്കുന്ന സമയം ഏഴിൽ നിന്ന് ഒമ്പത് മണിയാക്കുന്നതിന് ജില്ലാ കളക്ടറോട് ശുപാർശ ചെയ്യും.ഹോട്ടലുകളിൽ സാമൂഹ്യ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുവാദം തേടും.
അതേസമയം തെരുവ് കച്ചവടം അനുവദിക്കില്ല. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പൊലീസിന്റെയും നഗരസഭയുടെയും പ്രത്യേക സ്‌ക്വാഡുകൾ പരിശോധന നടത്തും.യോഗത്തിൽ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. വി. ബാബുരാജ്, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ് ഗോപകുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസൻ, വ്യപാരി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നിർദ്ദേശങ്ങൾ
ജനക്കൂട്ടത്തെ നിയന്ത്രിക്കണം
സാമൂഹിക അകലം ഉറപ്പാക്കണം
കടയിലെത്തുന്നവരുടെ വിവരം രേഖപ്പെടുത്തണം
ശരീര ഊഷ്മാവ് പരിശോധിക്കണം
കൈകൾ അണുവിമുക്തമാക്കാൻ സൗകര്യം ഒരുക്കണം
60 വയസിന് മുകളിലുള്ളവർക്കും ഗർഭിണികൾക്കും കുട്ടികൾക്കും നിയന്ത്രണം
മാസ്ക് നിർബന്ധം
എ.സിയും ലിഫ്റ്റും നിയന്ത്രിക്കണം
ശുചിമുറികൾ ഓരോ അരമണിക്കൂറിലും വൃത്തിയാക്കണം
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം
" രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്. ഓണക്കാലത്ത് വലിയ തിരക്കാണ് അനുഭവപ്പെടുക. കൂട്ടായ പ്രവർത്തനമാണ് വേണ്ടത്." ... മേയർ തോട്ടത്തിൽ രവീന്ദ്രൻ