കൊവിഡ് എന്ന മഹാമാരി ജനജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിച്ചെങ്കിലും കോഴിക്കോട്ടെ ക്ഷീര കർഷകർ തളർന്നില്ല. അവർ പതറാതെ മുന്നോട്ട് കുതിക്കുകയാണ് ചെയ്തത്.ഇതിന് സഹായ ഹസ്തവുമായി വന്നത് മിൽമയാണ്. കൊവിഡിന്റെ മൂർദ്ധന്യാവസ്ഥയിൽപോലും ജില്ലയിൽ പാൽ വിതരണം മുടങ്ങിയില്ലെന്ന് മാത്രമല്ല മുഴുവൻ ക്ഷീര കർഷകരിൽ നിന്ന് പാൽ സംഭരിക്കുകയും ചെയ്തു.നാട്ടിലെ ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം നിലച്ചു.പാൽ ആവശ്യകതയിൽ നല്ല കുറവ് ഉണ്ടായി. എന്നിട്ടും മുഴുവൻ പാലും മിൽമ സംഭരിക്കാൻ തയ്യാറായതു കൊണ്ടാണ് ക്ഷീരകർഷകർക്ക് യാതൊരു പോറലും ഏൽക്കാതെ പിടിച്ച് നിൽക്കാൻ സാധിച്ചത്.
മിൽമ മലബാർ യൂണിയൻ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ശേഖരിച്ചിരുന്നത് പ്രതിദിനം ശരാശരി 6.04 ലക്ഷം ലിറ്റർ പാലായിരുന്നുവെങ്കിൽ ഇപ്പോഴത് 6.76 ലക്ഷമായി ഉയർന്നിരിക്കുകയാണ്. കൊവിഡ് കാലത്ത് 11 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വില്പന 14.17 ശതമാനം കുറയുകയാണ് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പ്രതിദിനം ശരാശരി 5.20 ലക്ഷം ലിറ്റർ പാലാണ് വിറ്റിരുന്നതെങ്കിൽ ഈ വർഷം ശരാശരി 4.30 ലക്ഷം ലിറ്റർ പാലാണ് വിൽക്കുന്നത്. ഹോട്ടലുകൾ അടച്ചിട്ടതും കൊവിഡ് നിയന്ത്രണം കാരണം വിവാഹം പോലുള്ള ചടങ്ങുകൾ ഉപേക്ഷിക്കേണ്ടി വരുന്നതുമാണ് വില്പന കുറയാൻ ഇടയാക്കിയത് . ആവശ്യമുള്ളതിനേക്കാൾ 2.46 ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം അധികമായി ഉത്പാദിപ്പിക്കുന്നത്.അധികമുള്ള പാൽ ഇപ്പോൾ എറണാകുളം, തിരുവനന്തപുരം യൂണിയനുകൾക്കാണ് നൽകുന്നത്.
ഒരു കാലത്ത് പാലിന് അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന സ്ഥാനത്ത് മറ്റു സ്ഥലങ്ങളിലേക്ക് നൽകാനുള്ള ശക്തി ക്ഷീരകർഷകർ ആർജ്ജിച്ചു കഴിഞ്ഞു. പാൽ ഉത്പാദന കാര്യത്തിൽ ഈ നേട്ടം കൈവരിക്കാൻ നമുക്ക് സാധിക്കുമെങ്കിൽ എന്തുകൊണ്ടു കോഴി ഇറച്ചി, മുട്ട, പച്ചക്കറി എന്നീ മേഖലകളിൽ നേട്ടം കൈവരിച്ചുകൂട? ക്ഷീരമേഖലയിൽ കർഷകർക്ക് തുണയായത് പ്രൈമറി സഹകരണസംഘങ്ങൾ വഴി പാൽകൃത്യമായി സംഭരിക്കുകയും അവർക്ക് കൃത്യമായ വരുമാനം ഉറപ്പാക്കുകയും ചെയ്തത് കൊണ്ടാണ്. ഇതേ മാതൃകയിൽ പ്രൈമറി സഹകരണസംഘങ്ങൾ രൂപീകരിച്ച് കോഴി കർഷകരിൽ നിന്നും ഇറച്ചിക്കോഴിയും മുട്ടയും സംഭരിച്ച് വിറ്റഴിക്കാനുള്ള സംവിധാനം ഉണ്ടാക്കുകയാണെങ്കിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന രോഗം പരത്തുന്ന ചണ്ടിക്കോഴികളെയും മുട്ടയും നമുക്ക് ഒഴിവാക്കാൻ സാധിക്കും. ഇതോടൊപ്പം നാട്ടിലെ ജനങ്ങൾക്ക് വരുമാനം ഉറപ്പാക്കാനും സാധിക്കും.
കൊവിഡ് കാലത്തെ ജില്ലയിലെ ക്ഷീര കർഷകരുടെ പ്രവർത്തനവും അതിന് നേതൃത്വം നൽകുന്ന മിൽമയുടെ പ്രവർത്തനവും മാതൃകയാക്കാവുന്നതാണ്.