onam

കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തിൽ മാർക്കറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ എസ്. സാംബശിവറാവു ഉത്തരവിട്ടു. ഓണാഘോഷം വീടുകളിലാക്കി പരിമിതപ്പെടുത്തണം. സമൂഹസദ്യ, പൂക്കള മത്സരം, മറ്റ് പൊതുപരിപാടികൾ എന്നിവ നിരോധിച്ചു. സ്ഥാപനങ്ങളിൽ ശാരീരിക അകലം പാലിക്കുകയും ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും വേണം. ഓരോ വ്യാപാരിയും കടയുടെ വിസ്തീർണ്ണവും അനുവദനീയമായ ആളുകളുടെ എണ്ണവും കടയുടെ പുറത്ത് പ്രദർശിപ്പിക്കണം.

ഉപഭോക്താക്കൾ തമ്മിൽ ആറടി അകലം ഉറപ്പുവരുത്തണം. ഇത് ജീവനക്കാർക്കും ബാധകമാണ്. ഉപഭോക്താക്കളുടെ വിവരങ്ങൾ കൊവിഡ് 19 ജാഗ്രത പോർട്ടലിലെ വിസിറ്റേഴ്‌സ് രജിസ്റ്ററിൽ രേഖപ്പെടുത്തണം. കടകളിൽ എ.സി. പ്രവർത്തിപ്പിക്കരുത്. വായുസഞ്ചാരം ഉറപ്പാക്കണം. ഉപഭോക്താക്കൾക്കായി സോപ്പും സാനിറ്റൈസറും പ്രവേശനകവാടത്തിൽ സജ്ജീകരിക്കണം. സി.സി.ടി.വികൾ പ്രവർത്തനസജ്ജമാക്കി കടകളിലെ തിരക്ക് വിശകലനം ചെയ്യുന്നതിന് പരിശോധനക്ക് വിധേയമാക്കണം. ഇക്കാര്യം പൊലീസും വില്ലേജ് സ്‌ക്വാഡുകളും ഉറപ്പാക്കണം. നിബന്ധന ലംഘിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദു ചെയ്യാനുള്ള ശുപാർശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറണം.

സബ് കളക്ടർ, റവന്യൂ ഡിവിഷണൽ ഓഫീസർ, ഡെപ്യൂട്ടി കളക്ടർ തുടങ്ങിയ ഓഫീസർമാരും പരിശോധനകൾ നടത്തി ഇക്കാര്യങ്ങൾ ഉറപ്പാക്കണം. മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം മാർക്കറ്റുകളിൽ നിലവിൽ തിരക്ക് നിയന്ത്രണവിധേയമാണെങ്കിലും ഓണത്തോടനുബന്ധിച്ച് തിരക്ക് വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ പൊലീസ് സ്‌ക്വാഡിനെയും ക്യു.ആർ.ടിയെയും നിയോഗിക്കും. പ്രവേശനകവാടത്തിൽ ബാരിക്കേഡ് സ്ഥാപിച്ച് ആളുകളുടെ പ്രവേശനം നിയന്ത്രിക്കാനും നിർദ്ദേശം നൽകി. ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി 269, 188, 2020ലെ എപ്പിഡമിക് ഓർഡിനൻസ് എന്നിവ പ്രകാരം ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിക്കും.