കോഴിക്കോട്: മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഒരു വാർഡിൽ അഞ്ച് കുടുംബങ്ങളിലായി 20 ലധികം കൊവിഡ് രോഗികളുണ്ടെങ്കിൽ വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി.
തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ, എച്ച്.ഐ, ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ എന്നിവരുടെ സഹായത്തോടെ പോസിറ്റീവ് കേസുകളും സമ്പർക്ക വിവരങ്ങളും കൊവിഡ് ജാഗ്രത പോർട്ടലിൽ യഥാസമയം ചേർക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ടെസ്റ്റുകളുടെ വിവരവും ഉൾപ്പെടുത്തണം. പോർട്ടലിൽ മാത്രമെ സെക്രട്ടറിമാർ കണ്ടെയ്ൻമെന്റ് സോണുകൾ നിർദ്ദേശിക്കാൻ പാടുള്ളൂ. ഇതുസംബന്ധിച്ച് കത്തുകൾ നൽകുന്നത് പ്രോത്സാഹിപ്പിക്കില്ല.
ഗ്രാമപഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിലാണ് കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കുക. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ സെക്രട്ടറിമാർക്ക് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ നിർദ്ദേശിക്കാം. ജില്ല ദുരന്ത നിവാരണ സമിതി പരിശോധിച്ചതിന് ശേഷം അംഗീകരിക്കും. മൈക്രോ കണ്ടെയ്ൻമെന്റ് സോണായ വാർഡിൽ പ്രദേശത്തിന് പുറത്ത് നിന്ന് പോസിറ്റീവ് റിപ്പോർട്ട് ചെയ്താൽ വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കാൻ സെക്രട്ടറിമാർ നിർദ്ദേശിക്കണം. സെക്രട്ടറിമാർ വൈകുന്നേരത്തോടെ നിർദ്ദേശം നൽകിയില്ലെങ്കിൽ ദുരന്തനിവാരണ സമിതി വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കും.
ജാഗ്രത പോർട്ടലിൽ ലഭ്യമായ കണ്ടെയ്ൻമെന്റ് സോണുകളുടെ മാപ്പ് പൊലീസ് പരിശോധിക്കണം. പ്രദേശത്തിന് അകത്തേക്കും പുറത്തേക്കുമുള്ള കവാടം വ്യക്തമായി തിരിച്ചറിയുകയും അടയാളപ്പെടുത്തുകയും വേണം. കണ്ടെയ്‌മെന്റ് സോണുകളിലേക്കുള്ള വഴികൾ അടയ്ക്കണം.
കണ്ടെയ്‌മെന്റ് സോണുകളിൽ ആളുകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ താലൂക്ക് ഇൻസിഡന്റ് കമാൻഡർമാരെ അറിയിക്കണം.
സോണുകളിൽ പൊതുജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നോണ്ടെയെന്ന് പൊലീസ് ഉറപ്പ് വരുത്തണമെന്നും കളക്ടറുടെ ഉത്തരവിലുണ്ട്.