കൽപ്പറ്റ: ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആറ് റോഡുകൾ ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ, ബത്തേരി നിയോജക മണ്ഡലങ്ങളിലെ മൂന്ന് വീതം റോഡുകളുടെ പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനങ്ങളാണ് നടക്കുന്നത്.

കൽപ്പറ്റ മണ്ഡലത്തിലെ പരിപാടി ഉച്ചയ്ക്ക് 12 ന് നടവയൽ കെ.ജെ.എസ് ഓഡിറ്റോറിയത്തിൽ നടക്കും. കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കൂടോത്തുമ്മൽ മേച്ചേരി പനമരം റോഡിന്റെ ഉദ്ഘാടനവും, കരിങ്കുറ്റി പാലൂക്കര മണിയങ്കോട് കൽപ്പറ്റ റോഡ്, ചീക്കല്ലൂർ പാലം അപ്രോച്ച് റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവുമാണ് മന്ത്രി നിർവ്വഹിക്കുക. ചടങ്ങിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഒ.ആർ കേളു എം.എൽ.എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പങ്കെടുക്കും.

കൂടോത്തുമ്മൽ മേച്ചേരി പനമരം റോഡിന്റെ നവീകരണം 5 കോടി രൂപ മുടക്കിലാണ് പൂർത്തിയാക്കിയത്. കരിങ്കുറ്റി പാലൂക്കര മണിയങ്കോട് കൽപറ്റ റോഡ് നവീകരണത്തിനായി 3 കോടി രൂപയും ചീക്കല്ലൂർ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 6.75 കോടി രൂപയുമാണ് അനുവദിച്ചത്.

ബത്തേരി മണ്ഡലത്തിലെ വടുവൻചാൽ കൊളഗപ്പാറ റോഡിന്റെ പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനവും ബത്തേരി നൂൽപ്പുഴ റോഡ്, മീനങ്ങാടി കുമ്പളേരി അമ്പലവയൽ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനവും ഉച്ചയ്ക്ക് 12.30 ന് ബത്തേരി ഗസ്റ്റ് ഹൗസിൽ മന്ത്രി ജി സുധാകരൻ നിർവഹിക്കും. ചടങ്ങിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. വടുവൻചാൽ കൊളഗപ്പാറ റോഡ് പ്രവൃത്തിക്കായി 5 കോടി രൂപയും മീനങ്ങാടി കുമ്പളേരി അമ്പലവയൽ റോഡിന് 7 കോടി രൂപയും ബത്തേരി നൂൽപ്പുഴ റോഡിന് 9.70 കോടി രൂപയുമാണ് അനുവദിച്ചത്.