കൽപ്പറ്റ: മാനസികാരോഗ്യത്തിന് ആവശ്യമായ വിനോദങ്ങൾ വളർത്തിയെടുക്കുന്നത് കൊവിഡ് കാലത്തെ ഏകാന്തത ഒഴിവാക്കാനും വിഷാദ രോഗങ്ങൾ പോലുള്ള അവസ്ഥകളിൽ നിന്ന് മുക്തിനേടാനും സഹായകരമാകുമെന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലെ മാനസിക രോഗ വിഭാഗം ഡോക്ടർ മെറിൻ പൗലോസ് അഭിപ്രായപ്പെട്ടു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വയനാട് ഫീൽഡ് ഔട്ട് റീച്ച്ബ്യുറോ 'ഏകാന്തതയും വിഷാദ രോഗവും: കൊവിഡ് കാല വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. മെറിൻ. കൊവിഡ് കാലത്ത് വർദ്ധിക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

മാനസിക പ്രശ്നങ്ങൾ നേരിടുന്നവര്ക്ക് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കിട്ടുന്ന പിന്തുണ മാനസികാരോഗ്യത്തിൽ വലിയ പുരോഗതി നേടാൻ സഹായിക്കും. പ്രശ്നങ്ങൾ തുറന്ന് സംസാരിക്കുകയാണ് മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള ആദ്യത്തെ മാർഗം. അതിനൊപ്പം മാനസിക പരിശീലനങ്ങളും വിദഗ്ദ സഹായവും എല്ലാം പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമാകുമെന്നും ഡോ. മെറിൻ പറഞ്ഞു.

വയനാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ പ്രജിത്ത് കുമാർ, സി.ഉദയകുമാർ, ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ ബാബു, അസി. കോർഡിനേറ്റർ സ്വയ നാസർ തുടങ്ങിയവർ സംസാരിച്ചു.