കോഴിക്കോട്: പഠനം പൂർത്തിയാക്കി കലാലയത്തോട് വിട പറയുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെഫെയർവെൽ പാർട്ടി ഒരുക്കി ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി.
മാനേജ്‌മെന്റ് പ്രതിനിധികളും അദ്ധ്യാപകരും ജൂനിയർ വിദ്യാർത്ഥികളും ചടങ്ങിന് നേതൃത്വം നൽകി. മൂന്ന് മണിക്കൂർ നീണ്ട പരിപാടിയിൽ മുന്നൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഓർമ്മകൾ പങ്കുവച്ചു.
ജൂനിയർ വിദ്യാർത്ഥികൾ പാട്ടും ഡാൻസും ഓൺലൈനായി അവതരിപ്പിച്ചു. മുമ്പ് ഓൺലൈൻ സംവിധാനത്തിൽ ആർട്‌സ് ഫെസ്റ്റിവൽ സംഘടിപ്പിച്ച അനുഭവമാണ് ഈ ആശയത്തിന് പ്രചോദനമായത്. എം.ഡിറ്റ് ചെയർമാൻ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു.
പുതിയ കാലഘട്ടത്തിലെ ജോലി സാദ്ധ്യതകളെക്കുറിച്ച് മീനങ്ങാടി പോളിടെക്‌നിക്ക് മുൻ അദ്ധ്യാപകനും സ്റ്റാർട്ടപ്പ് മിഷൻ നോഡൽ ഓഫീസറുമായ സദാശിവൻ കെ.കെ ക്ലാസെടുത്തു. എം.ഡിറ്റ് പ്രിൻസിപ്പാൾ ഡോ. എം. മഹീശൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ലാലുപ്രസാദ് സ്വാഗതവും കോളേജ് യൂണിയൻ ക്യാപ്റ്റൻ അഭിനന്ദ് ബാബു നന്ദിയും പറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് തലത്തിൽ കലാപരിപാടികൾ ഓൺലൈനിൽ നടത്തുകയും വിദ്യാർഥികൾക്ക് വീടുകളിൽ ചെന്ന് സ്‌നേഹ സമ്മാനങ്ങൾ നൽകുകയും ചെയ്തു.
കലാലയാന്തരീക്ഷം ഓൺലൈൻ സംവിധാനത്തിലേക്ക് ചുവടുമാറ്റുമ്പോൾ അതിന്റെ മുന്നിൽ കൊത്തിവച്ച നാമമാകുന്നു എം.ഡിറ്റ്.