കോഴിക്കോട്: ജനസാന്ദ്രത ഏറിയതോടെ സ്ഥലമില്ലാതെ വീർപ്പുമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമായി കാപ്പാട് കടലോരത്ത് വാതക ശ്മശാനം ഒരുങ്ങി. ജില്ലാ പഞ്ചായത്തും ചേമഞ്ചേരി ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് വിശ്രാന്തിയെന്ന പേരിൽ ശ്മശാനം നിർമ്മിച്ചത്.

ഹൈടെക്ക് ക്രീമിറ്റോറിയം കമ്പനി ഉപകരണങ്ങളും സംവിധാനങ്ങളും സജ്ജമാക്കി. തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയ്ക്കാണ് കരാർ നൽകിയിരുന്നത്.

ചേമഞ്ചേരി പഞ്ചായത്തിലുള്ളവർ മൃതദേഹം ദഹിപ്പിക്കാൻ 3500 രൂപ നൽകിയാൽ മതിയാകും. പുറത്തുളളവർ 4000 രൂപ നൽകണം. കൊയിലാണ്ടി കാപ്പാട് ബീച്ച് റോഡ് വഴി ശ്മശാനത്തിലെത്താം. ചുറ്റും പൂന്തോട്ടം, ശുചിമുറി എന്നിവയുമുണ്ട്. 50,000 ലിറ്റർ ശേഷിയുളള മഴവെളള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ കൈവശമുളള 1.28 ഏക്കർ സ്ഥലത്താണ് നിർമ്മാണം. നടത്തിപ്പ് ലേലം ചെയ്തു നൽകും.

ഹൈടെക്... ഹൈടെക്

ഒരു മണിക്കൂറിനകം മൃതദേഹം ദഹിപ്പിക്കാനാകും. 19 കിലോയുടെ എട്ട് സിലിണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും 12-13 കിലോ വാതകം മതിയാകും. ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക അഞ്ച് എച്ച്.പി ബോയിലർ കറക്കി പ്രത്യേക ജലസംഭരണിയിലൂടെ കടത്തി വിട്ട് ശുദ്ധീകരിക്കും. ഈ പുക 30 മീറ്റർ ഉയരത്തിൽ സ്ഥാപിച്ച പുകക്കുഴലിലൂടെ പുറന്തളളും. ഇതിനാൽ ദുർഗന്ധമോ പരിസ്ഥിതി പ്രശ്‌നങ്ങളോ ഉണ്ടാകില്ല. ബോയിലർ പ്രവർത്തിപ്പിക്കാൻ ത്രീഫെയ്‌സ് കണക്ഷനും ലഭിച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങിയാൽ ജനറേറ്ററും ലഭ്യമാണ്. കടലോരം ആയതിനാൽ തുരുമ്പെടുക്കാത്ത സ്റ്റീൽ പുക കുഴലാണ് സ്ഥാപിച്ചത്.

പരിസ്ഥിതി നിയന്ത്രണ ബോർഡിന്റെ അനുമതി കിട്ടി. ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചാൽ സംസ്‌കരിച്ചു തുടങ്ങും അശോകൻ കോട്ട്

പ്രസിഡന്റ്,

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്

ചെലവ്- 1.10 കോടി രൂപ

കെ. ദാസൻ എം.എൽ.എ(42 ലക്ഷം)

ജില്ലാ പഞ്ചായത്ത് (40 ലക്ഷം)

ചേമഞ്ചേരി പഞ്ചായത്ത് (28 ലക്ഷം)

ഉദ്ഘാടനം ഇന്ന്

ശ്മശാനം ഇന്ന് വൈകീട്ട് നാലിന് കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ ഉൾപ്പെടെയുളളവർ പങ്കെടുക്കും.