കോഴിക്കോട്: പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയാതെ അവിശ്വാസ പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ച നയം അപഹാസ്യമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.സി.സിയിൽ നടന്ന ഉപവാസം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒരു വിഷയത്തിലും കൃത്യമായി പ്രതികരിക്കാൻ മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞിട്ടില്ല. ജനവിശ്വാസം നഷ്ടപ്പെട്ട സർക്കാരിനെതിരായി ജനവികാരം പ്രതിഫലിപ്പിക്കുകയായിരുന്നു യു.ഡി.എഫ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ്, ജനറൽ സെക്രട്ടറിമാരായ എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺകുമാർ, പി.എം. നിയാസ്, നിർവാഹക സമിതി അംഗങ്ങളായ യു. രാജീവ്, കെ. രാമചന്ദ്രൻ, കെ.പി. ബാബു, ഐ. മൂസ, ബാലകൃഷ്ണ കിടാവ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, ഡി.സി.സി ഭാരവാഹികളായ ദിനേശ് പെരുമണ്ണ, എസ്.കെ. അബൂബക്കർ, കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.