കോഴിക്കോട്: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫിസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. മുതലക്കുളത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേശ്, ജില്ലാ പ്രസിഡന്റ് ടി.രനീഷ്, വൈസ് പ്രസിഡന്റ് ഹരിപ്രസാദ് രാജ, വിഷ്ണു പയ്യാനക്കൽ, നിപിൻ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമരം ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല ജനറൽ സെക്രട്ടറി പി.ജിജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി വിപിൻ, സി.പി.വിജയ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.