മുക്കം: മുക്കം നഗരസഭയിൽ ഉറവിടമറിയാത്ത കൊവിഡ് രോഗികളെ കണ്ടെത്തിയ സാഹചര്യത്തിൽ ഇവരുമായി സമ്പർക്കത്തിലുള്ളവർക്ക് നഗരസഭ ആരംഭിച്ച കൊവിഡ് പരിശോധന തുടരുന്നു. മണാശ്ശേരി ഗവ. യു .പി സ്കൂളിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന ക്യാമ്പിൽ 100 പേരുടെ സ്രവം ശേഖരിച്ചു. അതിനിടെ ഇന്നലെ ഒന്നര വയസുകാരന് കൊവിഡ് പോസിറ്റീവായത് ആശങ്കയുയർത്തി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നഗരസഭ കൗൺസിലറുടെ മകനാണ്. ഇവരുടെ ഭർത്താവിനും രോഗം ബാധിച്ചിരുന്നു. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിനടുത്തുളള ലോഡ്ജിൽ താമസിക്കുന്ന ചിലർക്ക് രോഗം സ്ഥിരീകരിച്ചതോടെ അവിടെ താമസിക്കുന്ന മുഴുവനാളുകളും കൊവിഡ് പരിശോധന നടത്തണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാരടക്കം 11 ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.