കോഴിക്കോട്: നഗരത്തിൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ വൻ തീപിടിത്തം. പുഷ്പാജംഗ്ഷനിൽ ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് സമീപം വാഹനങ്ങളുടെ സ്പെയർപാർട്സും ഹെൽമറ്റും റെയിൻകോട്ടും മറ്റും വിൽപന നടത്തുന്ന ഡിസ്‌കോ ഏജൻസീസെന്ന മൊത്ത വ്യാപാരകേന്ദ്രത്തിലാണ് ഇന്നലെ രാത്രി പത്തോടെ തീപിടിത്തമുണ്ടായത്. മേൽപാലത്തിലെ വാഹനയാത്രക്കാരാണ് പുക ഉയരുന്നത് കണ്ടത്. കടയിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് പൊട്ടിത്തെറിച്ചു.നിരവധി വീടുകളും കടകളും മറ്റ് കെട്ടിടങ്ങളുമുള്ള പ്രദേശത്തുണ്ടായ തീപിടിത്തം ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കി. തീപിടിത്തമുണ്ടായി പത്ത് മിനിട്ടിനുള്ളിൽ ഫയർഫോഴ്സെത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ബീച്ച് , മീഞ്ചന്ത, വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനുകളിൽ നിന്നായി പത്ത് ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത് . ജില്ലാ കളക്ടർ എസ്. സാംബശിവറാവു, എം.കെ. രാഘവൻ എം.പി എന്നിവർ സ്ഥലത്തെത്തി. ആർക്കും പരിക്കില്ല. ഇടുങ്ങിയ വഴി ആയതിനാൽ ഫയർഫോഴ്സ് വാഹനത്തിന് കെട്ടിടത്തിന് സമീപത്തെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു.