കോഴിക്കോട് : സെക്രട്ടറിയേറ്റിൽ ഇന്നലെ വൈകീട്ടുണ്ടായ തീപിടിത്തം ദുരൂഹമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

രാത്രി എട്ടോടെ നടന്ന മാർച്ചിന് നേരെ പൊലീസ് ലാത്തി വീശി. ഏഴോളം പ്രവർത്തകർക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സെക്രട്ടറി കെ.പി. സുഹൈലിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ, ജില്ലാ ജനറൽ സെക്രട്ടറി എൻ.പി. ലതീബ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.പി. നിഹാൽ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് റെമീസ്, സാദിക്ക് പയ്യാനക്കൽ, ആർ. ഷെഹിൻ എന്നിവർക്കാണ് പരിക്കേറ്റത്.

തുടർന്ന് നടത്തിയ പ്രതിഷേധ യോഗം കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.