കോഴിക്കോട്: ആരോഗ്യമുള്ള ജനതയെ കെട്ടിപ്പടുക്കാനായി കേരള ഒളിംമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ 'ഒളിംമ്പിക് വേവ്' ആരംഭിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നടത്തത്തിന് സംഘടിത രൂപം നൽകുന്നതാണ് പദ്ധതി. വ്യക്തികൾ, കൂട്ടം, ക്ലബ്ബ് എന്നിങ്ങനെ പ്രവർത്തിക്കുന്നവരെ പദ്ധതിയുടെ ഭാഗമാക്കും. വാക്കേഴ്സ് ക്ലബ്ബുകളെയും അംഗങ്ങളെയും ഒളിംമ്പിക് അസോസിയേഷനിൽ രജിസ്റ്റർ ചെയ്യും. ക്ലബ്ബുകൾക്ക് 250 രൂപയും വ്യക്തികൾക്ക് 100 രൂപയുമാണ് വാർഷിക രജിസ്ട്രേഷൻ ഫീസ്. രാവിലെ അഞ്ച് മുതൽ വ്യായാമത്തിനും പരിശീലനത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങളും സർട്ടിഫിക്കറ്റുകളും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഒളിംമ്പിക് അസോസിയേഷൻ കൺവീനർ സി. സത്യൻ, ജനറൽ കൺവീനർ റോയ്ജോൺ, സി.പി ആരിഫ്, സി. ശശിധരൻ എന്നിവർ പങ്കെടുത്തു.