കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പുഷ്പ ജംഗ്ഷൻ ഫ്രാൻസിസ് റോഡിലെ മേൽപാലത്തിന് സമീപം ഡിസ്കോ ഏജൻസീസിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഒരു കോടി രൂപയുടെ നഷ്ടം. വാഹനങ്ങളുടെ സ്പെയർപാർട്സ്, ഹെൽമെറ്റ്, റെയിൻകോട്ട് എന്നിവയുടെ മൊത്തവിതരണ സ്ഥാപനത്തിനാണ് തീപിടിച്ചത്. 75 ലക്ഷം രൂപയുടെ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നതായി സ്ഥാപന ഉടമ പറഞ്ഞു. കെട്ടിടത്തിനും വലിയ നാശമുണ്ടായി.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറി സാദ്ധ്യത പൊലീസി തള്ളി. അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടലാണ് മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കിയത്. കെട്ടിടത്തിന് സമീപത്തെ വീടുകളിലുള്ളവരെ നേരത്തെ മാറ്റിയിരുന്നു.
വാഹന യാത്രക്കാരനാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. അഗ്‌നിശമന സേന എത്തുമ്പോഴേക്കും തീ ആളിപ്പടരാൻ തുടങ്ങിയിരുന്നു.