കോഴിക്കോട്: കൊവിഡിനെതിരെ ഏകാഭിനയ ഷോർട്ട് ഫിലിം നിർമ്മിച്ച ആറാം ക്ലാസുകാരി ശ്രദ്ധയയാകുന്നു. മീഞ്ചന്ത കണ്ണഞ്ചേരി മഞ്ചീരം വീട്ടിൽ മോഹൻ കുമാറിന്റെയും മഞ്ജുവിന്റെയും മകൾ മാളവിക മോഹനാണ് കൊവിഡ് പ്രതിരോധ ബോധവത്കരണത്തിനായി എസ്.എം.എസ് (സാനിറ്റെസർ, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസിംഗ്) എന്ന പേരിൽ ഷോർട്ട് ഫിലിം ഒരുക്കിയത്. കഥയും തിരക്കഥയും സംഭാഷണവും എഡിറ്റിംഗും എല്ലാം മാളവികയാണ് നിർവഹിച്ചത്.
അമ്മ മൊബൈൽ കാമറയുമായി ഇറങ്ങിയതോടെ ഒരു ദിവസം കൊണ്ട് ചിത്രീകരണം പൂർത്തീകരിച്ചു. കഥാപാത്രങ്ങളെല്ലാം മാളവിക തന്നെയാണ്. കൊവിഡ് വ്യാപനം എങ്ങനെ തടയാമെന്ന് ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്ന് മാളവിക പറഞ്ഞു. പൊലീസിന്റെ പിഴ പേടിച്ച് വെക്കേണ്ടതല്ല മാസ്ക് എന്നും ഷോർട്ട് ഫിലിം പറയുന്നു.
അഭിനയത്തോടുള്ള ഇഷ്ടമാണ് ഷോർട്ട് ഫിലിമിന് പ്രേരണ. മാളൂസ് വേൾസ് എന്ന യൂട്യൂബ് ചാനലും അടുത്തിടെ തുടങ്ങിയിരുന്നു. കുട്ടികൾക്കായുള്ള കഥകളും പാട്ടുമാണിതിൽ. ചേവായൂർ പ്രസന്റേഷൻ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് മാളവിക.