കോഴിക്കോട്: നീതി ബോധമില്ലാത്ത ഭരണാധികാരിയാണ് പിണറായി വിജയനെന്ന് എം.കെ. രാഘവൻ എം.പി ആരോപിച്ചു. സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കരിദിനം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിയ കൊലക്കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നീതി ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തിൽ ഉന്നയിച്ച ആറ് അഴിമതി ആരോപണങ്ങൾക്കും മറുപടി പറയാതെ മുഖ്യമന്ത്രി മൂന്നു മണിക്കൂർ അധര വ്യായാമം നടത്തുകയായിരുന്നെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ധിഖ്, ഉമ്മർ പാണ്ടികശാല, പാറക്കൽ അബ്ദുള്ള എം.എൽ.എ, കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, പ്രവീൺ കുമാർ, മനോളി ഹാഷിം, എൻ.സി. അബൂബക്കർ, നരേന്ദ്രനാഥ്, ടി.കെ ബാലഗോപാൽ, ഷെറിൻ ബാബു, പി. ഉമ്മർ, മൊയ്തീൻ കോയ, മൊയ്തീൻ എന്നിവർ സംസാരിച്ചു.