fl
കോഴിക്കോട് കോർപ്പറേഷന്റെയും കുടുംബശ്രീയുടെയും വഞ്ചനയ്ക്കെതിരെ മഹിളമാളിന് മുന്നിൽ സംരംഭകരായ സ്ത്രീകൾ ഒരുക്കിയ വഞ്ചനപൂക്കളം

കോഴിക്കോട്: ജീവനോപാധി തേടിയിറങ്ങിയവരെ വൻ കടക്കെണിയിലേക്ക് തള്ളിവിട്ട കുടുംബശ്രീയ്ക്ക് എതിരെ മഹിളാ മാളിന് മുന്നിൽ വനിതാ സംരംഭകരുടെ വഞ്ജനാപൂക്കളം. തങ്ങളിൽ നിന്ന് പിരിച്ചെടുത്ത 6 കോടി രൂപയെ കുറിച്ചും കുടുംബശ്രീ പ്രൊജക്ട് മാനേജർ റംസി ഇസ്മയിലിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. രാവിലെ 11ന് തുടങ്ങിയ പ്രതിഷേധത്തിൽ ഡി.സി.സി പ്രസിഡന്റ് ടി. സിദ്ധീഖ് സംസാരിച്ചു. തട്ടിപ്പിനെതിരെ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ കോൺഗ്രസ് സമരം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ കാലത്താണ് നടത്തിപ്പുകാരായ യൂണി​റ്റി ഗ്രൂപ്പ് മാൾ അടച്ചത്. ഇതിന് പിന്നാലെ മുപ്പത് ദിവസത്തിനകം കട ഒഴിവാകണമെന്നും 11 മാസത്തെ എഗ്രിമെന്റ് കാലാവധിയ്ക്ക് ശേഷം കടമുറി കൈവശം വെച്ചതിന് വൻ തുകയും ആവശ്യപ്പെട്ട് കുടുംബശ്രീ വക്കീൽ നോട്ടീസും അയച്ചു. ഇതോടെയാണ് നൂറോളം വനിതകൾ കടക്കെണിയിലായത്. ഉയർന്ന വാടകയും നടത്തിപ്പുകാരുടെ വീഴ്ചയുമാണ് ഈ അവസ്ഥയ്ക്ക് കാരണം എന്നാണ് ആക്ഷേപം.

സ്‌ക്വയർ ഫീ​റ്റിന് 36 രൂപ കെട്ടിട ഉടമയ്ക്ക് നൽകി വാടകയ്ക്ക് എടുത്ത കെട്ടിടം 130 രൂപയ്ക്ക് വനിത സംരംഭകർക്ക് നൽകി വഞ്ചിക്കുകയായിരുന്നു എന്ന് ഇവർ പറയുന്നു. ആളുകളെ ആകർഷിക്കാനായി മൾട്ടിപ്ലസ് തീയേ​റ്റർ, പ്ലേ സോൺ, റൂഫ് ഗാർഡനോടു കൂടിയ ഫുഡ്‌കോർട്ട്, ജിംനേഷ്യം, ഷി ടാക്‌സി, ഓട്ടോമാ​റ്റിക് കാർ വാഷിംഗ് സെന്റർ, സൂപ്പർമാർക്ക​റ്റ് എന്നിവയൊക്കെ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. മുഖ്യമന്ത്റിയ്ക്ക് നിവേദനം അയച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. പ്രതിഷേധത്തിൽ അനിത ജയിംസ്, ടി. മിനി, ഷമീന, എൻ.കെ നൂർജഹാൻ, ഫസ്‌ന, ചിത്ര, ആസിയ എന്നിവർ പങ്കെടുത്തു.