wadakara

വടകര: സംസ്ഥാനത്തെ ആദ്യ ശുചിത്വ ബ്ലോക്ക് പഞ്ചായത്തായി വടകര. സി.കെ. നാണു എം.എൽ.എ ഇക്കാര്യം പ്രഖ്യാപിച്ചു. ഏറാമല, അഴിയൂർ, ചോറോട്, ഒഞ്ചിയം പഞ്ചായത്തുകൾ ശുചിത്വ പദവി കൈവരിച്ചതാണ് നേട്ടത്തിന് കാരണം. ജൈവ-അജൈവ മാലിന്യ സംസ്‌കരണവും ബ്ലോക്ക് തലത്തിൽ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റേഷൻ സെന്ററും നടത്തുന്നുണ്ട്. ജില്ലയിലെ ആദ്യ ആർ.ആർ.എഫും വടകരയിലാണ്. അഴിയൂർ പഞ്ചായത്തിലാണ് ആദ്യ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിച്ചത്.

ഏറാമല പഞ്ചായത്ത് ജൈവ മാലിന്യത്തിൽ നിന്നും ജൈവവളം ഉത്പാദിപ്പിച്ച് ജൈവമിത്ര എന്ന പേരിൽ വിപണനം നടത്തുന്നുമുണ്ട്. ഇവിടെ മാലിന്യ സംസ്‌കരണ കേന്ദ്ര വിപുലീകരണത്തിനും അഴിയൂർ പഞ്ചായത്ത് കാപ്പുഴത്തോട് ശുചീകരണത്തിനും പദ്ധതികൾ നടപ്പിലാക്കി. 'ചിത്രഗ്രാമം' എന്ന പേരിൽ അമ്പതോളം ചിത്രകാരന്മാരെ ഉൾപ്പെടുത്തി കാപ്പുഴത്തോട് പരിസരത്ത് ശുചിത്വവുമായി ബന്ധപ്പെട്ട ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രകാശ്, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. കബനി എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരൻ, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.വി കവിത, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് വിജിത അമ്പലത്തിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്യാമള കൃഷ്ണാർപ്പിതം, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ.ടി. ശ്രീധരൻ, ടി.കെ. രാജൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ബേബി ബാലമ്പ്രത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി. ആയിഷ, പങ്കജാക്ഷി, ശുഭ മുരളീധരൻ, പി. ഷംന എന്നിവർ പങ്കെടുത്തു. കെ. രജിത സ്വാഗതവും ആയിഷ ആലോള്ളതിൽ നന്ദിയും പറഞ്ഞു.