കൽപ്പറ്റ: പൊതുമരാമത്ത് വകുപ്പിന് കീഴിൽ ജില്ലയിലെ ആറ് റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനായി നിർവ്വഹിച്ചു.
കൂടോത്തുമ്മൽ മേച്ചേരി പനമരം റോഡിന്റെ ഉദ്ഘാടനവും കരിങ്കുറ്റി പാലൂക്കര മണിയങ്കോട് കൽപ്പറ്റ റോഡ്, ചീക്കല്ലൂർ പാലം അപ്രോച്ച് റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും ബത്തേരി മണ്ഡലത്തിലെ വടുവൻചാൽ കൊളഗപ്പാറ റോഡിന്റെ ഉദ്ഘാടനവും മീനങ്ങാടി കുമ്പളേരി അമ്പലവയൽ റോഡ്, സുൽത്താൻ ബത്തേരി നൂൽപ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനവുമാണ് നടന്നത്.
കൂടോത്തുമ്മൽ മേച്ചേരി പനമരം റോഡിന്റെ നവീകരണം നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ മുടക്കിലാണ് പൂർത്തിയാക്കിയത്. 5.100 കിലോ മീറ്ററാണ് റോഡിന്റെ നീളം. പ്രവൃത്തിയുടെ ഭാഗമായി 16 കലുങ്കുകളുടെ നിർമ്മാണവും, 1200 മീറ്റർ ഡ്രെയിനേജും, 3700 മീറ്റർ സംരക്ഷണ ഭിത്തിയും നിർമ്മിച്ചിട്ടുണ്ട്. കരിങ്കുറ്റി പാലൂക്കര മണിയങ്കോട് കൽപ്പറ്റ റോഡ് നിർമ്മാണ പ്രവൃത്തികൾക്കായി 3 കോടി രൂപയാണ് അനുവദിച്ചത്. 7.400 കിലോ മീറ്ററാണ് റോഡിന്റെ ആകെ നീളം. ചീക്കല്ലൂർ പാലം അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവൃത്തിയ്ക്കായി 675 ലക്ഷം രൂപയാണ് അനുവദിച്ചത്.
വടുവൻചാൽ കൊളഗപ്പാറ റോഡിന്റെ നിർമ്മാണം അഞ്ച് കോടി രൂപ മുടക്കിലാണ് പൂർത്തിയാക്കിയത്. ആവശ്യമായ ഡ്രെയിനേജുകൾ, കലുങ്കുകൾ, റോഡ് സുരക്ഷാ പ്രവൃത്തികളടക്കം പൂർത്തീകരിച്ചു. മീനങ്ങാടി കുമ്പളേരി അമ്പലവയൽ റോഡിന്റെ നവീകരണ പ്രവൃത്തികൾക്കായി 7 കോടി രൂപയാണ് അനുവദിച്ചത്. നിലവിൽ 5.50 മീറ്റർ സാധാരണ ടാറിംഗ് ഉള്ള റോഡ് കയറ്റങ്ങൾ കുറച്ച് 5.50 മീറ്റർ വീതിയിൽ ബി.എം ആന്റ് ബി.സി മെക്കാഡം ടാറിംഗ് രീതിയിലാണ് വികസിപ്പിക്കുന്നത്. സുൽത്താൻ ബത്തേരി നൂൽപ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തിയ്ക്കായി 9.70 കോടി രൂപയാണ് അനുവദിച്ചത്. പ്രവൃത്തിയിൽ ഉൾപ്പെടുത്തി രണ്ട് പുതിയ കലുങ്കുകൾ, നാല് കലുങ്കുകളുടെ വീതി കൂട്ടൽ, ഡ്രെയിനേജ് നിർമ്മാണം, ഇന്റർലോക്കിംഗ് നടപ്പാത തുടങ്ങിയവയും നടത്തും.
നടവയൽ കെ.ജെ.എസ്. ഓഡിറ്റോറിയത്തിൽ നടന്ന കൽപ്പറ്റ മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഒ.ആർ. കേളു എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.
ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന ബത്തേരി മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ലത ശശി, സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.എൽ. സാബു തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രങ്ങൾ)
നടവയൽ കെ.ജെ.എസ്. ഓഡിറ്റോറിയത്തിൽ നടന്ന കൽപ്പറ്റ മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്