img202008
ബൈക്ക് മോഷ്ടാവ് രഞ്ജിത്ത്

മുക്കം: മുക്കത്തും പരിസരത്തു നിന്നുമായി നിരവധി ബൈക്കുകൾ മോഷ്ടിച്ചയാൾ പൊലീസ് പിടിയിലായി. തൃശ്ശൂർ മണിത്തറ സ്വദേശി ഡിസ്കവർ രഞ്ജിത്ത് എന്ന കുമ്പളംകോട്ടിൽ രഞ്ജിത്ത് (35)ആണ് മുക്കം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂണിൽ മുക്കം പി.സി ജംഗ്ഷനിൽ നിന്ന് മോഷണം പോയ ഡിസ്കവർ ബൈക്ക് സഹിതമാണ് യുവാവ് പിടിയിലായത്. തൃശ്ശൂരിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ച കേസിൽ കുടുങ്ങി നാടുവിട്ട രഞ്ജിത്ത് മാവൂർ പൊലീസ് സ്റ്റേഷന് സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് താമസം. ബജാജ് ഡിസ്കവർ ബൈക്കുകൾ മോഷ്ടിക്കുന്നതിനാലാണ് ഡിസ്കവർ രഞ്ജിത്ത് എന്ന പേരിൽ അറിയപ്പെട്ടത്. മോഷ്ടിച്ച രണ്ടു ബൈക്കുകൾ മുക്കം മാമ്പറ്റയിലുള്ള ആക്രികടയിൽ വിൽപ്പന നടത്തിയതായി സമ്മതിച്ചു.നാലു ബൈക്കുകൾ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. മുക്കം ഇൻസ്‌പെക്ടർ ബി. കെ.സിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.ഷാജിദ്, അഡിഷണൽ എസ്.ഐ. വി.കെ റസാഖ്, എ.എസ്.ഐമാരായ സലീം മുട്ടത്ത്, ജയമോദ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷഫീഖ് നീലിയാനിക്കൽ, ശ്രീകാന്ത് എന്നിവരാണ് മോഷ്ടാവിനെ പിടികൂടിയത്.