കൽപ്പറ്റ: ഓണക്കാലത്ത് ഇ വേ ബില്ലിലെ സാങ്കേതികത്വം ദുരുപയോഗം ചെയ്ത് ചരക്ക് സേവനനികുതി ഇന്റലിജൻസ് നടത്തുന്ന പിടിച്ചുപറി അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തിൽ ചെറുകിട വ്യാപാരികൾ, ചരക്കുകൾ, ഇലക്ട്രോണിക്സ് മൊബൈൽ ആക്സസറി അടക്കമുള്ള സാധനങ്ങൾ കൊണ്ടുവരുന്നത് കൊറിയർ പാർസൽ വഴിയാണ്. ചരക്ക് സേവന നികുതി ഉദ്യോഗസ്ഥർ പാഴ്സൽ കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്ത് സാങ്കേതികമായ നിസ്സാര കാര്യങ്ങൾ പോലും വലിയ വെട്ടിപ്പായി ചിത്രീകരിച്ച് വൻ തുക പിഴയിടുകയാണെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതിനെതിരെ ഇന്ന് രാവിലെ ജി.എസ്.ടി കമീഷണറുടെ ഓഫീസിന് മുന്നിൽ ധർണ നടത്തും.
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവൻ, ജനറൽ സെക്രട്ടറി ഒ.വി.വർഗീസ്, ട്രഷറർ ഹൈദ്രു, നൗഷാദ് കാക്കവയൽ തുടങ്ങിയവർ പങ്കെടുത്തു.