കൊടിയത്തൂർ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ബാങ്കിന് മുന്നിലെ നീണ്ട ക്യൂ ജനങ്ങളിൽ ആശങ്ക പരത്തി. കൊടിയത്തൂർ കേരള ഗ്രാമീണ ബാങ്ക് ശാഖയിൽ ഇന്നലെയും തൊട്ട് മുന്നിലെ ദിവസങ്ങളിലുമാണ് ഇടപാടുകാരുടെ നീണ്ട നിരയുണ്ടായത്. റോഡിലും രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലേക്കുള്ള ചവിട്ടുപടിയിലും ആളുകൾ കൂട്ടംകൂടി നിൽക്കുന്ന സ്ഥിതിയായിരുന്നു.തിരുവോണത്തിന് മുമ്പുള്ള ദിവസങ്ങളിൽ ബാങ്ക് അവധിയായതാണ് ജനം കൂട്ടമായെത്താൻ കാരണമായത്. ബാങ്കിൽ ടോക്കൺ അടക്കം കൊടുക്കാൻ നാല് ജീവനക്കാർ മാത്രമാണുളളത്. അതിനാൽ തിരക്കുളള നേരങ്ങളിൽ ജനം മണിക്കൂറുകളോളം കാത്തുനിൽക്കുന്ന കാഴ്ചയാണ്.