ramboo
ഓണത്തോടനുബന്ധിച്ച് വിപണിയിലെത്തിയ റംബൂട്ടാൻ

കോഴിക്കോട്: തിരുവോണത്തിന് മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ നാടും നഗരവും തിരക്കിലമർന്നു. കൊവിഡിനെ തോൽപ്പിച്ച് മിഠായി തെരുവിലും പാളയത്തും തിരക്കോട് തിരക്കാണ്. മുൻകരുതലെടുത്താൽ കൊവിഡിനെ അതിജീവിക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ജനം വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. വിലക്കുറവും ഓഫറുകളുമായി വ്യാപാരികളും ഓണത്തെ വരവേറ്റുകഴിഞ്ഞു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഫറുകളും സമ്മാനങ്ങളും നിറഞ്ഞതോടെ ഗൃഹോപകരണ വിൽപ്പന പൊടിപൊടിക്കുകയാണ്. ഇലക്ട്രോണിക്സ് വിപണന കേന്ദ്രങ്ങളിലും വില്പനയിൽ വൻ കുതിപ്പാണ്.മൊബൈൽ ഫോൺ, ലാപ് ടോപ്പ്, ടാബ്,എൽ.ഇ.ഡി ടിവി, സ്മാ‌ട്ട് ടി.വി എന്നിവയ്ക്കാണ് ഡിമാന്റ്. ഓൺലൈൻ പഠനം വില്പന വർദ്ധിക്കാൻ ഇടയാക്കിയെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ഓണ വിപണിയിലെ താരങ്ങളായ ശർക്കര ഉപ്പേരിയ്ക്കും വറുത്തുപ്പേരിയ്ക്കും പ്രതീക്ഷച്ചത്ര വില്പനയില്ലെന്ന സങ്കടവും കച്ചവടക്കാർ പങ്കുവയ്ക്കുന്നു.

പച്ചക്കറി വിൽപ്പനയ്ക്കും മോശമല്ലാത്ത ഓണക്കാലമാണിത്. ഉള്ളിയ്ക്ക് അല്പം വില കൂടിയതൊഴിച്ചാൽ ഇത്തവണ തീ വിലയില്ല. തുണി കടകളിലും വില്പന തകൃതിയാണ്. പകുതി വിലയും പ്രത്യേകം ഓഫറുകൾ നൽകിയുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.